എല്‍ജിബിടിക്യു അനുകൂല നിയമ ഭേദഗതി: ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ ഹിയറിങ്ങിനെത്തിയ സിഡ്‌നി ആര്‍ച്ച് ബിഷപ്പിനു നേരെ അധിക്ഷേപവര്‍ഷം

എല്‍ജിബിടിക്യു അനുകൂല നിയമ ഭേദഗതി: ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ ഹിയറിങ്ങിനെത്തിയ സിഡ്‌നി ആര്‍ച്ച് ബിഷപ്പിനു നേരെ അധിക്ഷേപവര്‍ഷം

സിഡ്‌നി: ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഇക്വാലിറ്റി ലെജസ്ലേഷന്‍ അമെന്‍ഡ്‌മെന്റ് ബില്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ അഭിപ്രായം രേഖപ്പെടുത്താനെത്തിയ സിഡ്‌നി ആര്‍ച്ച് ബിഷപ്പിനു നേരെ എല്‍ജിബിടിക്യു പ്രവര്‍ത്തകയുടെ അധിക്ഷേപവര്‍ഷം. ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്ററി സമിതിക്കു മുന്‍പാകെ നിലപാട് വ്യക്തമാക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒപിക്കാണ് ദുരനുഭവം ഉണ്ടായത്. ആര്‍ച്ച് ബിഷപ്പ് അഭിപ്രായം രേഖപ്പെടുത്തുന്നത് തടസപ്പെടുത്താനും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ക്വയ്-ക്വേ ക്വാഡ് ശ്രമിച്ചു.

പാര്‍ലമെന്റിലെ ഇരുപതോളം നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് പരിശോധിക്കുന്ന കമ്മിറ്റിയാണ് ഹിയറിങ് നടത്തിയത്. 20ലധികം കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് ബിഷപ്പുമാരെ പ്രതിനിധീകരിച്ചാണ് ആര്‍ച്ച് ബിഷപ്പ് ഫിഷര്‍, കമ്മിറ്റി ചെയര്‍മാന്‍ ക്ലെയ്റ്റണ്‍ ബാര്‍ എംപിക്കു മുന്‍പാകെ നിലപാട് വ്യക്തമാക്കാനെത്തിയത്.

നിര്‍ദിഷ്ട നിയമ ഭേദഗതിയില്‍ മതവിരുദ്ധതയുടെ അടിയൊഴുക്കുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ ഗാലറിയിലിരുന്ന ക്വയ്-ക്വേ ക്വാഡ് എഴുന്നേറ്റു നിന്ന് അലറി വിളിക്കുകയും അധിക്ഷേപ വര്‍ഷം നടത്തുകയുമായിരുന്നു. പാര്‍ലമെന്റിനു പുറത്തും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ നിരവധി അംഗങ്ങള്‍ തടിച്ചുകൂടിയിരുന്നു.

ബഹളത്തെതുടര്‍ന്ന് അല്‍പനേരം ഹിയറിങ് തടസപ്പെട്ടെങ്കിലും അഭിപ്രായം പങ്കുവയ്ക്കുന്നത് ആര്‍ച്ച് ബിഷപ്പ് പുനരാരംഭിച്ചു.

എല്‍ജിബിടി വിഭാഗത്തിനെതിരേയുള്ള വിവേചനം നിരുത്സാഹപ്പെടുത്താനും തടയാനുമുള്ള എല്ലാ ശ്രമങ്ങളിലും തന്റെ പിന്തുണയുണ്ടാകുമെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ നിര്‍ദ്ദിഷ്ട ബില്ലില്‍ മതവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ ആശങ്ക പ്രകടിപ്പിച്ചു.

'സ്‌കൂളുകള്‍, ആരോഗ്യ-വയോജന സംരക്ഷണ കേന്ദ്രങ്ങള്‍, അജപാലന സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മതസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നിലവിലുള്ള പരിരക്ഷകള്‍ നീക്കം ചെയ്യാന്‍ നിര്‍ദിഷ്ട നിയമ ഭേദഗതി നിര്‍ദേശിക്കുന്നു. വിശ്വാസികള്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ലെന്നും ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍ദിഷ്ട ബില്ലിനു കീഴില്‍, 16 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരാള്‍ക്ക് അവരുടെ നിയമപരമായ ലിംഗഭേദം മാറ്റാന്‍ അപേക്ഷിക്കാന്‍ സാധിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് കൂടുതല്‍ സംരക്ഷണവും മത വിശ്വാസികള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന നിയമ ഭേദഗതിക്കെതിരേ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.