ദക്ഷിണാഫ്രിക്കയിൽ കത്തോലിക്ക വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിൽ കത്തോലിക്ക വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹാംഗമായ പോൾ ടാറ്റു എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ ഫാ. പോളിനെ അക്രമികൾ കാറിൽ കടത്തി കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്റ്റിഗ്മാറ്റിൻ മിഷ്ണറിയായ ഫാ. ജാന്നി പിക്കോൽബോണി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന അതിക്രമങ്ങളിൽ ഏറ്റവും പുതിയതാണ് ഈ സംഭവം. പുരോഹിതന്റെ മരണം ഒരു ഒറ്റപ്പെട്ട ഒരു സംഭവമല്ല, സൗത്ത് ആഫ്രിക്കയിലെ സുരക്ഷിതത്വത്തിന്റെയും ധാർമ്മികതയുടെയും വഷളായ അവസ്ഥയുടെ അസ്വസ്ഥജനകമായ ഉദാഹരണമാണ് ഇത് എന്ന് ദക്ഷിണാഫ്രിക്കയിലെ ബിഷപ്പുമാരുടെ കോൺഫറൻസ് സംഭവത്തോട് പ്രതികരിച്ചു. ഈ വർഷം മാർച്ചിൽ യുവ പുരോഹിതനായ ഫാ. വില്യം ബാൻഡയെയും കൊലപ്പെടുത്തിയിരുന്നു.

ഫാദർ ടാറ്റുവിന്റെ മൃതസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ബിഷപ്പ് കോൺഫറൻസ് അറിയിച്ചു. വൈദികനെ കൊലപ്പെടുത്തിയത് ആരാണെന്നും കൊലപാതകത്തിന്റെ കാരണവും ഇപ്പോഴും അജ്ഞാതമാണ്. അദ്ദേഹത്തിന്റെ വാഹനത്തിനുള്ളിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

ഫാ. പോൾ ടാറ്റു അംഗമായ സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹം 1960 നവംബർ ഒമ്പതിന് ദക്ഷിണാഫ്രിക്കയിലാണ് പ്രവർത്തനം ആരംഭിച്ചത്. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, മലാവി, ടാൻസാനിയ തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹം പ്രവര്‍ത്തനനിരതമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.