പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ കത്തിയുമായി ഭീകരാക്രമണത്തിനു മുതിര്‍ന്ന കൗമാരക്കാരന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. നഗരമധ്യത്തില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് പോലീസിനു നേരെ തിരിയുകയും ചെയ്തപ്പോഴാണ് പോലീസ് 16-കാരനായ അക്രമിക്കു നേരെ വെടിയുതിര്‍ത്തതെന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ റോജര്‍ കുക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വില്ലെറ്റണിലെ ഒരു ഹാര്‍ഡ്വെയര്‍ സ്റ്റോറിന്റെ പാര്‍ക്കിങ് സ്ഥലത്താണ് പരിഭ്രാന്തി സൃഷ്ടിച്ച സംഭവമുണ്ടായത്. കത്തിയുമായി ഒരാള്‍ കാര്‍ പാര്‍ക്കിന് ചുറ്റും ഓടുന്നതായി സന്ദേശം ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് എത്തിയത്. ഇതിനകം ഒരാളുടെ പുറത്ത് കുത്തിയ അക്രമി സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ തിരിഞ്ഞു.
ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറാ ദൃശ്യങ്ങളില്‍, നിരായുധനാകാനുള്ള പോലീസിന്റെ നിര്‍ദേശം കൗമാരക്കാരന്‍ നിരസിക്കുന്നതായി കാണാം. കൗമാരക്കാരനെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കുത്തേറ്റ പതിനെട്ടുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് ഭീകരാക്രമണത്തിന്റെ സ്വഭാവമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കൗമാരക്കാരനു നേരെ പോലീസ് വെടിവച്ചത്. ഓണ്‍ലൈനിലൂടെയാണ് കൗമാരക്കാരന്‍ തീവ്ര ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്ന് പ്രീമിയര്‍ റോജര്‍ കുക്ക് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് പോലീസിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഏപ്രില്‍ 15-ന് സിഡ്‌നിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ ബിഷപ്പ് മാര്‍ മാറി ഇമ്മാനുവലിനെ 16 കാരന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ആക്രമണത്തില്‍ വിശ്വാസികള്‍ക്കും പരിക്കേറ്റു. ഈ സംഭവത്തില്‍ കൗമാരക്കാരനെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പോലീസും ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ഏജന്റുമാരും സിഡ്‌നിയിലുടനീളം നടത്തിയ തീവ്രവാദ വിരുദ്ധ റെയ്ഡില്‍ 16 കാരന്റെ കൂട്ടാളികളായ ആറ് പേരും അറസ്റ്റിലായി. ഇവരെല്ലാം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള തയാറെടുപ്പിലായിരുന്നു. നിലവില്‍ എല്ലാവരും കസ്റ്റഡിയില്‍ തുടരുകയാണ്.
സിഡ്‌നിയിലെ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പെര്‍ത്തിലും സമാന രീതിയിലുള്ള ആക്രമണത്തിന് ശ്രമമുണ്ടായത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഓസ്ട്രേലിയ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ റീസ് കെര്‍ഷോയും രാജ്യത്തെ പ്രധാന ആഭ്യന്തര ചാരസംഘടനയുടെ തലവനായ എഎസ്‌ഐഒ ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസും പെര്‍ത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് തന്നെ അറിയിച്ചതായി പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് സമൂഹത്തിന് യാതൊരു ഭീഷണിയും നിലനില്‍ക്കുന്നില്ലെന്ന് അല്‍ബനീസി പ്രസ്താവനയില്‍ പറഞ്ഞു. ഇത് സമാധാനം ഇഷ്ടപ്പെടുന്ന രാഷ്ട്രമാണ്, ഓസ്ട്രേലിയയില്‍ അക്രമാസക്തമായ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും അല്‍ബനീസി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.