പെര്‍ത്ത്: സിഡ്‌നിയില്‍ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍േപ പെര്‍ത്തിലും സമാനമായ സംഭവം ഉണ്ടായത് ഓസ്‌ട്രേലിയയെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ജിഹാദിനായി ആയുധമെടുക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ഏറെ ആശങ്കയോടെയാണ് ജനങ്ങളും സര്‍ക്കാരും പൊലീസ് സംവിധാനങ്ങളും നോക്കിക്കാണുന്നത്. ഓണ്‍ലൈനിലൂടെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്ന നിഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വില്ലെറ്റണിലെ ബണിംഗ്സിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ വച്ച് കഴിഞ്ഞ ദിവസമാണ് കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16-കാരന്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. മരിക്കുന്നതിന് മുന്‍പ് അക്രമി ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കീഴടങ്ങാനുള്ള പൊലീസിന്റെ നിര്‍ദേശം തുടര്‍ച്ചയായി അവഗണിച്ചതോടെയാണ് കൗമാരക്കാരനു നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് ഭീകരാക്രമണത്തിന്റെ സ്വഭാവമുണ്ടെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഭീകരാക്രമണമുണ്ടായ വില്ലെറ്റണിലെ ബണിംഗ്സിന്റെ കാര്‍ പാര്‍ക്കിങ് മേഖല
കുട്ടിയുടെ അവസാന സന്ദേശമാണ് തീവ്ര ആശയങ്ങളിലേക്ക് കൗമാരക്കാരന്‍ ആകൃഷ്ടനായിരുന്നതായി നിഗമനത്തിലെത്താന്‍ കാരണം. താന്‍ ജിഹാദിന്റെ പാതയിലാണെന്ന് കൗമാരക്കാരന്‍ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ക്ക് സന്ദേശം അയച്ചിരുന്നതായി ദി വെസ്റ്റ് ഓസ്ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
'സഹോദരന്മാരേ, ഞാന്‍ നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കൂ, ഇന്ന് രാത്രി ഞാന്‍ ജിഹാദിന്റെ പാതയിലേക്ക് പോകുന്നു' - ഇതായിരുന്നു ഇസ്ലാം മതം സ്വീകരിച്ച കുട്ടി തന്റെ കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചത്. 'ഞാന്‍ അല്‍-ഖ്വയ്ദയുടെ സൈനികനാണ്, ഇന്ന് രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു' - ആക്രമണത്തിനു മുന്നോടിയായി 16 കാരന്‍ കുറിച്ചു.
ലാപ്ടോപ്പുകളും ഫോണുകളും പോലുള്ള ഉപകരണങ്ങളില്‍ നിന്ന് സെര്‍ച്ച് ഹിസ്റ്ററി ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും നീക്കണമെന്നും പ്രതി തന്റെ അടുപ്പക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
ദ വെസ്റ്റ് ഓസ്ട്രേലിയന്‍ റിപ്പോര്‍ട്ടനുസരിച്ച്, പെര്‍ത്തിലെ പ്രശസ്തമായ റോസ്മോയ്ന്‍ സീനിയര്‍ ഹൈസ്‌കൂളിലാണ് പ്രതി പഠിച്ചിരുന്നത്. ഇത്തരം തീവ്ര ആശയങ്ങളില്‍ നിന്ന് മോചനം നേടാനായി രണ്ട് വര്‍ഷത്തിലേറെയായി 'ഡീറാഡിക്കലൈസേഷന്‍' പ്രോഗ്രാമിനു 16-കാരന്‍ വിധേയനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൗമാരക്കാരന്‍ തന്റെ ഹൈസ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെയും ഇത്തരം തീവ്ര ആശയങ്ങളിലേക്ക ആകര്‍ഷിക്കാന്‍ ശ്രമിച്ചതായി ഒരു രക്ഷിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസുമായി പങ്കുവെച്ചു.
തങ്ങളുടെ ഒരു വിദ്യാര്‍ത്ഥി പോലീസിന്റെ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് റോസ്മോയ്ന്‍ സീനിയര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മാനസിക പിന്തുണ നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അലന്‍ ബ്രൗണ്‍ ഞായറാഴ്ച അറിയിച്ചു.
മലയാളികളടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന, പെര്‍ത്തിലെ വളരെ പ്രശസ്തമായ സ്‌കൂളാണ് റോസ്മോയ്ന്‍ സീനിയര്‍ ഹൈസ്‌കൂള്‍. ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാതാപിതാക്കള്‍ ഏറെ ആശങ്കയിലാണ്. കുട്ടികളെ മതം മാറ്റാനും തീവ്ര ആശയങ്ങളിലേക്കു നയിക്കാനുമുള്ള ശ്രമങ്ങള്‍ സ്‌കൂളുകളില്‍ തന്നെ നടക്കുന്നുണ്ടോ എന്ന ആശങ്കയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
ഓണ്‍ലൈനിലൂടെ കുട്ടികളെ തീവ്ര ആശയങ്ങളിലേക്ക് നയിക്കാന്‍ നിഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അധ്യാപകരോ അനധ്യാപകരോ മുതിര്‍ന്ന വിദ്യാര്‍ത്ഥികളോ ഇത്തരം ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നുണ്ടോ എന്ന രക്ഷിതാക്കളുടെ ആശങ്കയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം തീവ്ര ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുന്നതിനെതിരേ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും ആശങ്ക പങ്കുവെച്ചു. തീവ്രവാദവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നമ്മുടെ സമൂഹത്തില്‍ അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.