ടെല്‍ അവീവ്: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെടുകയും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ സൈനിക നടപടി വീണ്ടും ഊര്‍ജിതമാക്കി ഇസ്രയേല്‍. ഗാസയുടെ അതിര്‍ത്തി നഗരമായ റഫായില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞു പോകാന്‍ പാലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഇസ്രയേല്‍ അടിയന്തര നിര്‍ദേശം നല്‍കി.
റഫായില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പ്. റഫായില്‍ വൈകാതെ തീവ്രമായ സൈനിക നടപടി ഉണ്ടാകുമെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് മുന്നറിയിപ്പ് നിര്‍ദേശം. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഗാസയിലെ പല മേഖലകളില്‍ നിന്ന് എത്തിയവര്‍ അഭയാര്‍ഥികളായി കഴിയുന്ന സ്ഥലമാണ് റഫാ.
നേരിട്ടുള്ള അറിയിപ്പുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഫോണ്‍ കോളുകള്‍, അറബിയിലുള്ള പ്രക്ഷേപണം എന്നിവയിലൂടെയാണ് ഒഴിയാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ മാറ്റേണ്ടി വരുമെന്നും സേന വ്യക്തമാക്കി.
കിഴക്കന്‍ റഫായിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാരോട് അല്‍-മവാസി, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലേക്ക് മാറാനാണ് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുള്ളത്.
ആക്രമണത്തിന് മുന്‍പ് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പെന്റഗണ്‍ മേധാവി ലോയിഡ് ഓസ്റ്റിന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോട് ആവശ്യപ്പെട്ടിരുന്നു. കരീം അബൂ സാലിം ക്രോസിങില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികരുടെ ജീവന്‍ നഷ്ടമാവുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പകരമായി റഫാ ആക്രമണമല്ലാതെ ഇസ്രയേലിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു.
റഫയില്‍ സൈനിക നടപടിക്ക് മുന്നോടിയായി പാലസ്തീന്‍ സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇസ്രയേല്‍ ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായി പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.