ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനത്തില്‍ ഇടിവ്. ഇതുവരെ ലഭിച്ച കണക്ക് പ്രകാരം 61.08 ശതമാനമാണ് പോളിങ് നിരക്ക്. കഴിഞ്ഞ തവണ ആകെ പോളിങ് 67.4 ശതമാനമായിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും വോട്ടിങ് ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ എല്ലാ ശ്രമവും തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഉയര്‍ച്ച പോളിങ് ശതമാനത്തിലുണ്ടായില്ല. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടത്തിയത്. ഉത്തര്‍പ്രദേശില്‍ രാവിലെ ഭേദപ്പെട്ട പോളിങ് നടന്നെങ്കിലും ഉച്ചയോടെ ഇടിഞ്ഞു. കര്‍ണാടകയില്‍ ബിജെപി ശക്തിേ കന്ദ്രങ്ങളായ തീരദേശ കര്‍ണാടകയിലും മുംബൈ കര്‍ണാടകയിലെ മേഖലകളിലും പോളിങ് ശതമാനം ഉയര്‍ന്നു. വൈകുന്നേരം അഞ്ച് മണി വരെ കര്‍ണാടകയില്‍ 66.05 ശതമാനമാണ് പോളിങ്.
ഇതിനിടെ ബൂത്തിനകത്ത് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. ലക്ഷ്മിയുടെ മകന്‍ മൃണാള്‍ സ്ഥാനാര്‍ഥിയാണെന്നിരിക്കേ, പോളിങ് സ്റ്റേഷനകത്ത് വച്ച് സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പര്‍ സൂചിപ്പിക്കും വിധം വിരലുയര്‍ത്തിക്കാട്ടി എന്നാണ് പരാതി.
മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളില്‍ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിങ്് ഇടിഞ്ഞു. ശക്തമായ പോരാട്ടം നടന്ന ബാരമതിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. കടുത്ത ചൂട് മൂന്നാം ഘട്ടത്തിലും വില്ലനായി എന്നാണ് വിലയിരുത്തല്‍.
രത്‌ന ഗിരി-സിന്ധ് ദുര്‍ഗില്‍ മത്സരിച്ച നാരായണ്‍ റാണെയും ബാരമതിയില്‍ സുപ്രിയ സുലെയുമായിരുന്നു പ്രധാന സ്ഥാനാര്‍ഥികള്‍. ഗുജറാത്തിലും ഉച്ചയോടെ പോളിങ് മന്ദഗതിയിലായി. രണ്ട് മണ്ഡലങ്ങള്‍ മാത്രമുള്ള ഗോവയില്‍ എന്നാല്‍ നല്ല പോളിങ് നടന്നു. 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനിയുള്ള നാലു ഘട്ടങ്ങളില്‍ ബാക്കിയുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.