കുടിയേറ്റം വര്‍ധിച്ചു, റിക്രൂട്ട്മെന്റ് തട്ടിപ്പുകളും; സ്റ്റുഡന്റ് വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ

കുടിയേറ്റം വര്‍ധിച്ചു, റിക്രൂട്ട്മെന്റ് തട്ടിപ്പുകളും; സ്റ്റുഡന്റ് വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ

കാന്‍ബറ: സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയയിലേക്ക് ചേക്കറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് സേവിങ്‌സ് പരിധി വീണ്ടും വര്‍ധിപ്പിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ വിസ സേവിങ്‌സ് തുകയിലെ രണ്ടാമത്തെ വര്‍ധനയാണിത്. മെയ് 10 മുതല്‍, വിദ്യാര്‍ത്ഥി വിസ ലഭിക്കാന്‍ കുറഞ്ഞത് 29,710 ഓസ്‌ട്രേലിയന്‍ ഡോളര്‍, ഏകദേശം 16,29,819 ഇന്ത്യന്‍ രൂപ നിക്ഷേപമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണം. റെക്കോര്‍ഡ് കുടിയേറ്റം തടയാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

കഴിഞ്ഞ ഒക്ടോബറില്‍ വിദ്യാര്‍ത്ഥി വിസയ്ക്കുള്ള സേവിങ്‌സ് പരിധി 21,041 ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഓസ്‌ട്രേലിയന്‍ ഡോളറായി ഉയര്‍ത്തിയിരുന്നു.

സ്റ്റുഡന്റ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ നടപടികള്‍ കടുപ്പിച്ചത്. തട്ടിപ്പുകള്‍ക്ക് പുറമേ കുടിയേറ്റം വര്‍ധിച്ചതും വിസാ ചട്ടങ്ങള്‍ കടുപ്പിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സ്റ്റുഡന്റ് വിസ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഐഇഎല്‍ടിഎസ് സ്‌കോര്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

2022 ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ഓസ്‌ട്രേലിയയില്‍ അപ്രതീക്ഷിതമായ കുടിയേറ്റം നേരിട്ടു. ഇത് വാടക വീട് ലഭ്യതയില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയ വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ കടുപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന റിക്രൂട്ട്മെന്റ് നടപടികളെക്കുറിച്ച് രാജ്യത്തെ 34 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ക്ലാരെ ഒ നെയില്‍ പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവും വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണവും നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നയങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയയിലെ കുടിയേറ്റം പകുതിയായി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. നിരവധി വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയയില്‍ പോകാന്‍ കാത്തിരിക്കുന്നത്. ഇവര്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.