എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു: കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു: കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

കണ്ണൂര്‍: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, അബുദാബി, മസക്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് റദ്ദാക്കല്‍ വിവരം യാത്രക്കാര്‍ക്ക് ലഭിച്ചത്. മെയ് 13 ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്നലെ കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്‌കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്. വൈകിട്ട് നെടുമ്പാശേരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തിന്റെ ഭാഗമായുള്ള കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഇതേ തുടര്‍ന്ന് റദ്ദാക്കി. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. അതേസമയം അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി ആലോക് സിങ് അറിയിച്ചിട്ടും ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. നൂറിലേറെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ മാത്രം 90 ലേറെ സര്‍വീസുകളാണ് മുടങ്ങിയത്.

കൊച്ചിയില്‍ നിന്ന് ഷാര്‍ജ, ദമാം, മസ്‌കറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര സര്‍വീസുകളും ബംഗളൂരുവിലേക്കുള്ള ആഭ്യന്തര സര്‍വീസുമാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരില്‍ കുറച്ചുപേര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കിയ ശേഷമാണ് പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത്. എയര്‍ ഇന്ത്യയുടെ നടപടിയില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണുണ്ടായത്.

തിരുവനന്തപുരത്ത് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കി സുരക്ഷാ പരിശോധനയും കഴിഞ്ഞ ശേഷമാണ് ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായത്. ഷാര്‍ജ, ചെന്നൈ, അബുദാബി, ദുബായ്, ബംഗളൂരു, മസ്‌കറ്റ് സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട മൂന്ന് വിമാനങ്ങളും സര്‍വീസ് മുടങ്ങിയവയില്‍ ഉള്‍പ്പെടുന്നു. കരിപ്പൂരില്‍ റദ്ദാക്കിയത് 12 സര്‍വീസുകളാണ്. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.