തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് ഒരു വര്‍ഷം നീട്ടുകയോ, വിരമിക്കല്‍ ആനുകൂല്യ വിതരണം നീട്ടുകയോ ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാകും എന്നതിനാലാണ് പുതിയ വഴികള്‍ തേടുന്നത്.
സംസ്ഥാനത്തൊട്ടാകെ 16,638 പേരാണ് ഈ മാസം പെന്‍ഷനാകുന്നത്. ഇവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 9,151.31 കോടി രൂപ കണ്ടെത്തണം എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി. പ്രായം ഏകീകരണത്തോട് കടുത്ത എതിര്‍പ്പുയര്‍ന്നേക്കുമെന്നതിനാല്‍ രണ്ടാമത്തെ ഓപ്ഷനാണ് കൂടുതല്‍ സാധ്യത. വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാവും തീരുമാനമുണ്ടാകും.
അതേസമയം, വിരമിക്കല്‍ ആനുകൂല്യം കൂടുതല്‍ പലിശ നല്‍കി ട്രഷറി നിക്ഷേപമായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് ഓപ്ഷന്‍ നല്‍കും. ആനുകൂല്യ വിതരണം ഏറെ നീണ്ടാല്‍ പെന്‍ഷന്‍കാര്‍ കോടതിയില്‍ പോകാനുള്ള സാധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കുന്നത്. 14 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി രൂപ വരെയാണ് ഒരാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യമായി നല്‍കേണ്ടി വരിക.
സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതല്‍ മുറുക്കിയത്. ഈ വര്‍ഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും നാളിതുവരെ കിട്ടിയിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആക്കണമെന്ന് കെ. മോഹന്‍ദാസ് ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശയുണ്ട്. നിലവില്‍ ഇത് 56 ആണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസുവരെ തുടരാം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍പ്രായം 58 ആണ്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ 2022 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും എതിര്‍പ്പില്‍ പിന്‍വാങ്ങുകയായിരുന്നു. കെഎസ്ഇബി, കെഎസ്ആര്‍ടിസി, ജല അതോറിട്ടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പരിഷ്‌കരിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍വ്വീസില്‍ 60 ഉം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ 58 ഉം വയസാണ് പെന്‍ഷന്‍ പ്രായം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.