ഭൂമിയുടെ ഇരട്ടി വലിപ്പവും ഒമ്പത് മടങ്ങ് ഭാരവും: സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍

ഭൂമിയുടെ ഇരട്ടി വലിപ്പവും ഒമ്പത്  മടങ്ങ് ഭാരവും:  സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍

55 കാന്‍ക്രി എന്ന ഗ്രഹം ഒരു 'സൂപ്പര്‍ എര്‍ത്ത്' ആണെന്ന് ഗവേഷകര്‍.

വാഷിങ്ടണ്‍: സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹം കണ്ടെത്തി ജ്യോതി ശാസ്ത്രജ്ഞര്‍. വര്‍ഷങ്ങളായുള്ള ശാസ്ത്ര ലോകത്തിന്റെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അത്തരമൊരു ഗ്രഹം കണ്ടെത്തിയത്. 55 കാന്‍ക്രി എന്ന ഗ്രഹത്തിലാണ് അന്തരീക്ഷമുണ്ടെന്ന സൂചന ഗവേഷകര്‍ നല്‍കുന്നത്.

ഉരുകിയ പാറയുടെ പ്രതലമുള്ള ഈ ഗ്രഹവും വാസ യോഗ്യതയെക്കുറിച്ച് യാതൊരു പ്രതീക്ഷയും നല്‍കുന്നില്ല എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ജയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ ഗ്രഹത്തില്‍ അന്തരീക്ഷമുണ്ടാകാനുള്ള സാധ്യത ജ്യോതി ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇത് സ്ഥിരീകരിച്ചാല്‍ സൗരയൂഥത്തിന് പുറത്ത് അന്തരീക്ഷത്തോടെ കണ്ടെത്തുന്ന ആദ്യ പാറക്കെട്ടുകള്‍ നിറഞ്ഞ ഗ്രഹമായി കാന്‍ക്രി മാറും. ഗ്രഹം ഒരു 'സൂപ്പര്‍ എര്‍ത്ത്' ആണെന്ന് ഗവേഷകര്‍ പറഞ്ഞു. നമ്മുടെ ഗ്രഹത്തേക്കാള്‍ വളരെ വലുതും എന്നാല്‍ നെപ്റ്റിയൂണിനേക്കാള്‍ ചെറുതുമായ ഒരു പാറ നിറഞ്ഞ ലോകം.

'അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അല്ലെങ്കില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് സമ്പന്നമാണ്. പക്ഷേ ജലബാഷ്പം, സള്‍ഫര്‍ ഡയോക്‌സൈഡ് തുടങ്ങിയ മറ്റ് വാതകങ്ങളും ഉണ്ടാകാം. നിലവിലെ നിരീക്ഷണങ്ങള്‍ക്ക് കൃത്യമായ അന്തരീക്ഷ ഘടന കണ്ടെത്താന്‍ കഴിയില്ല'- നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെയും കാല്‍ടെക്കിലെയും ശാസ്ത്രജ്ഞനായ റെന്‍യു ഹു പറഞ്ഞു.

ഭൂമിയിലെ അന്തരീക്ഷം അതിലെ ജീവനെ നിലനിര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. സൂര്യന്റെ അപകടകരമായ കിരണങ്ങളില്‍ നിന്നും ബഹിരാകാശത്തിന്റെ തീവ്രതയില്‍ നിന്നും ഈ അന്തരീക്ഷം നമ്മെ രക്ഷിക്കുന്നു.

നമ്മുടെ അയല്‍ഗ്രഹമായ ചൊവ്വയ്ക്ക് വളരെ നേര്‍ത്ത അന്തരീക്ഷം മാത്രമാണ് ഉള്ളത്. ചൊവ്വയില്‍ ജീവനില്ലാത്തതിനുള്ള ഒരു പ്രധാന കാരണം സാന്ദ്രതയേറിയ ഒരു അന്തരീക്ഷത്തിന്റെ അഭാവമാണെന്നു കാണാം. എന്നാല്‍ ഇക്കാര്യങ്ങള്‍ വച്ച് കാന്‍ക്രിയില്‍ ജീവനുണ്ടെന്ന വിലയിരുത്തലിലേക്ക് നമുക്ക് പോകാന്‍ കഴിയുകയില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ഉപരിതലത്തില്‍ തിളച്ചു മറിയുന്ന ലാവാക്കടല്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് കാന്‍ക്രി. എന്നാല്‍ ഭൂമിയോട് സാമ്യമുള്ള പുറം ഗ്രഹങ്ങളെ തേടാനുള്ള ജയിംസ് വെബിന്റെ ശ്രമങ്ങളില്‍ നിര്‍ണായകമാണ് ഈ ഗ്രഹത്തിന്റെ കണ്ടെത്തല്‍. ഭൂമിയുടെ ഇരട്ടി വലിപ്പവും ഏകദേശം ഒമ്പത് മടങ്ങ് ഭാരവുമുള്ള ഗ്രഹമാണ് കാന്‍ക്രി.

സൂര്യനെക്കാള്‍ വലുപ്പം കുറഞ്ഞ ഒരു നക്ഷത്രത്തെയാണ് ഇതു ചുറ്റിക്കറങ്ങുന്നത്. എന്നാല്‍ ഈ നക്ഷത്രവുമായി വളരെ അടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ കേവലം 18 മണിക്കൂറില്‍ ഇതു ഭ്രമണം പൂര്‍ത്തിയാക്കും.

പക്ഷെ ഇത്രയും അടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ നക്ഷത്രത്തില്‍ നിന്നുള്ള ചൂട് നല്ല രീതിയില്‍ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ വീഴുന്നുണ്ട്. അതുമൂലം ഗ്രഹത്തില്‍ പാറകള്‍ ഉരുകി മാഗ്മ സമുദ്രമായി മാറി. ധാരാളം അഗ്‌നി പര്‍വതങ്ങള്‍ ഈ ഗ്രഹത്തില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍.

ഭൂമിയിലേക്ക് ചന്ദ്രന്റെ ഒരു വശം മാത്രമാണ് എപ്പോഴും തിരിഞ്ഞിരിക്കുന്നത്. ടൈഡല്‍ ലോക്കിങ് എന്ന പ്രതിഭാസം മൂലമാണിത്. ഇതേ പോലൊരു പ്രതിഭാസം ഭ്രമണം ചെയ്യുന്ന നക്ഷത്രവുമായി കാന്‍ക്രി പുലര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ ഗ്രഹത്തിന്റെ ഒരു ഭാഗത്തേക്ക് എപ്പോഴും വെളിച്ചവും പ്രകാശവും പതിക്കുകയും മറുഭാഗം ഇരുട്ടില്‍ തുടരുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.