ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ സൈനിക ഉദ്യോഗസ്ഥനെ ആളുമാറി പൊലിസ് വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഹൾബർട്ട് ഫീൽഡിലെ നാലാമത്തെ സ്‌പെഷ്യൽ ഓപ്പറേഷൻസ് സ്‌ക്വാഡിലേക്ക് നിയമനം ലഭിച്ച സൈനിക ഉദ്യോഗസ്ഥനായ 23കാരൻ റോജർ ഫോർട്ട്‌സണിനെയാണ് പൊലിസ് വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തിയത്. അദേഹത്തിന്റെ അപ്പാർട്ട്മെന്റിലേക്ക് പൊലിസ് ഇരച്ചു കയറി വാതിൽ തകർത്ത് വെടിയുതിർക്കുകയായിരുന്നു. പിന്നീടാണ് പൊലിസ് ആളുമാറിയാണ് കൊല നടത്തിയതെന്ന് തരിച്ചറിഞ്ഞതെന്നാണ് വിവരം.
അപ്പാർട്ട്‌മെന്റിൽ തനിച്ചായിരുന്നപ്പോൾ പൊലീസ് വാതിൽ തകർത്ത് ആറ് തവണ വെടിവെക്കുകയായിരുന്നെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പോലീസ് തെറ്റായി അപ്പാർട്ട്‌മെന്റിൽ പ്രവേശിച്ചതാകാം ഇത്തരമൊരു കൊലപാതകത്തിന് കാരണമെന്നും കുടുംബം പറഞ്ഞു.
ആക്രമണ സമയത്ത് ഫോർട്ട്‌സൺ ഒരു യുവതിയുമായി വീഡിയോ കോളിലായിരുന്നുവെന്ന് സിവിൽ റൈറ്റ്‌സ് അറ്റോർണി ബെൻ ക്രംപ് പറഞ്ഞു. വെടിയേറ്റതിന് ശേഷം എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ഫോർട്ട്സൺ നിലത്തിരുന്നുവെന്ന് വീഡിയോ കോളിലുണ്ടായിരുന്ന സ്ത്രീയെ ഉദ്ധരിച്ച് ക്രമ്പ് പറഞ്ഞു. ഫോർട്ട്‌സൺ ആശുപത്രിയിൽ വച്ച് മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. വെടിവയ്പിൽ ഉൾപ്പെട്ട ഡെപ്യൂട്ടിയെ അന്വേഷണ വിധേയമായി അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു.
2019 നവംബർ 19 നാണ് ഫോർട്ട്‌സൺ എയർഫോഴ്‌സിൽ ചേർന്നത്. റോജർ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയത് ബഹുമതികളോടെയാണെന്നും ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്നും ക്രംപ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.