മസാച്യുസെറ്റ്‌സ്: ലോകത്ത് ആദ്യമായി പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ചയാല്‍ രണ്ട് മാസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. മാര്‍ച്ച് 21 ന് മസാച്യുസെറ്റ്‌സ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അമേരിക്കന്‍ സ്വദേശി റിച്ചാര്‍ഡ് സ്ലേമാനാണ് മരിച്ചത്. അറുപത്തിരണ്ടാം വയസിലായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ചയാണ് സ്ലേമാന്റെ മരണം സ്ഥിരീകരിച്ചത്.
ലോകത്തിലാദ്യമായി ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി പന്നിയുടെ വൃക്ക മാറ്റിവച്ചുവെന്നത് അപൂര്‍വ നേട്ടമായിരുന്നു. നേരത്തെ, പരീക്ഷണാര്‍ഥം മസ്തിഷ്‌ക മരണം സംഭവിക്കുന്നവരിലേക്ക് പന്നിയുടെ വൃക്കകള്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരുന്നു. കൂടാതെ, മറ്റു രണ്ട് പേര്‍ക്ക് പന്നികളില്‍ നിന്ന് ഹൃദയം മാറ്റി വച്ചും പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഇരുവരും മാസങ്ങള്‍ക്ക് ശേഷം മരിച്ചു.
പന്നിയുടെ വൃക്ക കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും മനുഷ്യരില്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു ശസ്ത്രക്രിയ നടത്തിയ സമയത്ത് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. അതേസമയം, ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് സ്ലേമാന്റെ കുടുംബം നന്ദി പറഞ്ഞു. രോഗിയായിരുന്ന അദേഹത്തിനൊപ്പം ഏഴാഴ്ച കൂടി ജീവിക്കാനുള്ള അവസരം ലഭിച്ചു. ആ ഓര്‍മകള്‍ തങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും കുടുംബം പ്രതികരിച്ചു.
2018 ലാണ് സ്ലേമാന്‍ ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. അത് വിജയകരമായിരുന്നെങ്കിലും ഈ വര്‍ഷം ആദ്യം അസുഖം വീണ്ടും മൂര്‍ച്ഛിക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. അപ്പോഴാണ് ഡോക്ടര്‍മാര്‍ പന്നിയുടെ വൃക്ക മാറ്റി വെക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്.
തങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായുള്ള ആയിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ സ്ലേമാനായെന്ന് കുടുംബം പറഞ്ഞു. ഏപ്രിലില്‍ ന്യൂ ജഴ്‌സിയില്‍നിന്നുള്ള ലിസ പിസാനോ എന്ന സ്ത്രീയിലും ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചിരുന്നു.
മൃഗങ്ങളില്‍ നിന്നുള്ള കോശങ്ങളോ കലകളോ അവയവങ്ങളോ ഉപയോഗിച്ച് മനുഷ്യരെ സുഖപ്പെടുത്തുന്നതിനെ സെനോട്രാന്‍സ് പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. അത്തരം ശ്രമങ്ങള്‍ വളരെക്കാലമായി നടക്കുകയായിരുന്നു.
പക്ഷേ മനുഷ്യന്റെ പ്രതിരോധ സംവിധാനങ്ങളുമായി താതാത്മ്യം പ്രാപിക്കാന്‍ മൃഗങ്ങളുടെ കോശങ്ങള്‍ക്കു സാധിക്കാത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പന്നികളുടെ അവയവങ്ങള്‍ക്ക് മനുഷ്യരുടേതുമായി സാമ്യതയുള്ളതിനാനാലാണ് വിജയം കണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.