നികുതി ഭാരങ്ങളില്ലാത്ത ഡിജിറ്റൽ ബജറ്റ്‌; കേരളത്തിന് പുതിയ പദ്ധതികൾ

നികുതി ഭാരങ്ങളില്ലാത്ത ഡിജിറ്റൽ ബജറ്റ്‌; കേരളത്തിന്  പുതിയ പദ്ധതികൾ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അടുത്ത സെന്‍സസ്‌ നടപ്പാക്കുക ഡിജിറ്റല്‍ മോഡലിലായിരിക്കും. സെന്‍സസ്‌ നടപടികള്‍ക്കായി 3,768 കോടി രൂപ നീക്കിവെച്ചതായും 2021-2022 വര്‍ഷത്തെ ബജറ്റ്‌ അവതരണത്തിനിടെ നിർമ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള ബജറ്റാണ് നിർമ്മല സീതാരാമന്‍ അവതരിപ്പിച്ചത്‌.

രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും പാര്‍പ്പിടം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍. ചിലവ് കുറഞ്ഞ വീട് നിര്‍മിക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. 2022 മാര്‍ച്ചിനകം പാര്‍പ്പിട ലോണ്‍ എടുക്കുന്നവര്‍ക്ക് ലോണ്‍ പലിശയില്‍ 1.5 ലക്ഷം രൂപ വരെ ഇളവ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മാണത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം, തമിഴ്നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടെ തമിഴ്നാട്ടിലെ 3,500 കിലോമീറ്റര്‍ ദേശീയപാതയ്ക്ക് 1.03 ലക്ഷം കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. 600 കിലോമീറ്റര്‍ മുംബൈ - കന്യാകുമാരി ദേശീയപാതയും കേരളത്തിലെ 1,100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65,000 കോടി രൂപയും വകയിരുത്തി.

കൊല്‍ക്കത്ത-സിലിഗുരി ദേശീയപാത നവീകരിക്കുന്നതുള്‍പ്പെടെ ബംഗാളിലെ 675 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനായി 25,000 കോടി രൂപ അനുവദിച്ചു. അസമില്‍ 19,000 കോടി രൂപയുടെ ദേശീയപാത വികസനം നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് സംസ്ഥാനത്ത് 1,300 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കുന്നതിന് 34,000 കോടി രൂപ അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

കേരളവും തമിഴ്നാടും മെട്രോ റെയില്‍ പദ്ധതികള്‍ക്കുള്ള വിഹിതത്തില്‍ ഉള്‍പ്പെടുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1,957.05 കോടി രൂപയാണ് നിർമ്മല പ്രഖ്യാപിച്ചത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 63,246 കോടി രൂപ അനുവദിച്ചു. നാസിക്, നാഗ്പുര്‍, ബെംഗളൂരു എന്നിവിടങ്ങളിലെ മെട്രോ പദ്ധതികള്‍ക്കും ഫണ്ട് അനുവദിച്ചു.

കൊച്ചി, ചെന്നൈ എന്നിവ രാജ്യത്തെ രണ്ട് ഫിഷറീസ് ഹബുകളായി വികസിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കൊച്ചി ഫിഷിങ് ഹാര്‍ബറിനെ വാണിജ്യ ഹബ്ബ് ആക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചി ഉള്‍പ്പെടെ അഞ്ച് ഫിഷിഭ് ഹാര്‍ബറുകള്‍ ആണ് വികസിപ്പിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി നിർമ്മല സീതാരാമന്‍. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസ പദ്ധതികള്‍ വിതരണം ചെയ്യാന്‍ പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കും. അസംഘടിത തൊഴിലാളികള്‍ക്കും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്കും അടിസ്ഥാന വേതനം ഉറപ്പാക്കും. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാമെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് എല്ലാ തൊഴില്‍ മേഖലകളിലും അവസരം നല്‍കുമെന്നും രാത്രി ഷിഫ്റ്റുകളില്‍ സുരക്ഷ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 15000 സ്കൂളുകള്‍ നവീകരിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ലഡാക്കിലെ ലേ ആസ്ഥാനമാക്കി കേന്ദ്രസര്‍വ്വകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. എന്‍‌ജി‌ഒകളുമായി സഹകരിച്ച്‌ നൂറിലധികം പുതിയ സൈനിക് സ്കൂളുകള്‍ ആരംഭിക്കും. ഗവേഷണ, വികസന മേഖലയ്ക്ക് 50,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദിവാസി മേഖലകളില്‍ പുതിയ 750 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നും നിർമ്മല സീതാരാമന്‍ ബജറ്റില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.