മോസ്‌കോ: റഷ്യയുടെ നേതാവായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഭരണ തലപ്പത്ത് അഴിച്ച് പണിയുമായി വ്ലാഡിമിർ പുടിൻ. അഴിച്ചുപണിയിൽ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗു പുറത്തായി. 2012 മുതൽ പ്രതിരോധ മന്ത്രിയായ സെർജി ഷോയിഗു റഷ്യയുടെ സുരക്ഷാ കൗൺസിലിൻ്റെ സെക്രട്ടറിയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
സാമ്പത്തിക വിദഗ്ധനും ഉപ പ്രധാനമന്ത്രിയുമായ ആൻഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചത്. 2022 ഫെബ്രുവരിയിൽ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ശേഷം വരുത്തുന്ന പ്രധാന മാറ്റമാണിത്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും സ്ഥാനത്ത് തുടരും.
റഷ്യക്ക് വേണ്ടി യുക്രെയ്നിൽ ആക്രമണത്തിന് ചുക്കാൻ പിടിച്ച വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ 2023 ൽ സെർഗി ഷൊയ്ഗുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അന്ന് അതിന് തയാറാകാതെ വന്നതോടെയാണ് പ്രിഗോഷിൻ പുടിനെതിരെ കലാപക്കൊടി ഉയർത്തുന്നതും മോസ്‌കോ ലക്ഷ്യമാക്കി സൈനിക മാർച്ച് നടത്തിയതും.
എന്നാല്‍ റഷ്യയുടെ ശക്തമായ സുരക്ഷാ കൗൺസിലിൻ്റെ മേധാവിയായി ഷൊയ്ഗു സ്ഥാനം ഏറ്റെടുക്കാൻ പുടിൻ നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ് ഷൊയ്ഗു. അടിയന്തര സേവന വിഭാഗം മന്ത്രിയായിരുന്ന അദ്ദേഹം 2012 ലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014 ൽ യുക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചെടുക്കുന്നതിലൂടെയാണ് ഷൊയ്ഗു കൂടുതൽ സ്വീകാര്യനാകുന്നത്. റഷ്യൻ സൈന്യത്തിന്റെ നവീകരണമെല്ലാം നടന്നത് അദേഹത്തിന്റെ കാലത്തായിരുന്നു.
മന്ത്രിസഭയിലെ പുടിന്റെ വിശ്വസ്തരിൽ മുൻപന്തിയിലുള്ള നേതാവായിരുന്നു ഷൊയ്ഗു. പുടിൻ നടത്തുന്ന സൈബീരിയൻ യാത്രകളിലും ഏർപ്പെടുന്ന വിനോദങ്ങളിലുമെല്ലാം ഷൊയ്ഗുവിനെയും കൂടെ കൂട്ടാറുണ്ടായിരുന്നു. അതിനാലാണ് ഷൊയ്ഗുവിന്റെ സ്ഥാനമാറ്റം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. അതേ സമയം യുക്രെയ്ൻ അധിനിവേശവും പ്രിഗോഷിന്റെ അട്ടിമറി ശ്രമവുമെല്ലാം ഷൊയ്ഗുവിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ മാസമാണ് വലിയ തോതിലുള്ള അഴിമതി നടത്തിയെന്നാരോപിച്ച് ഷൊയ്ഗുവിന്റെ അടുത്തയാളായ ടിമൂർ ഇവാനോവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുന്നത്.
റഷ്യയുടെ യുദ്ധച്ചെലവ് വൻതോതിൽ വർധിച്ചതിനാലാണ് പ്രതിരോധ മന്ത്രാലയത്തെ നയിക്കാൻ മുതിർന്ന സാമ്പത്തിക വിദഗ്ധനായ ബെലോസോവിനെ നിയമിക്കാൻ പുടിൻ തീരുമാനിച്ചതെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.