പെര്‍ത്ത്: ജീവന്റെ മഹനീയ മൂല്യം ഉയര്‍ത്തിപ്പിടിക്കാനും ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കാനും  പെര്‍ത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള 'റാലി ഫോര്‍ ലൈഫ്' ബുധനാഴ്ച്ച (മെയ് 15) നടക്കും. വൈകിട്ട് ഏഴു മണി മുതല്‍ 8.15 വരെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഹാര്‍വെസ്റ്റ് ടെറന്‍സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയിലെ യുവജനങ്ങള്‍ കിങ്‌സ് പാര്‍ക്ക് മുതല്‍ പാര്‍ലമെന്റ് മന്ദിരം വരെ ജപമാല ചൊല്ലി റാലിക്കൊപ്പം അണിചേരും.
നിരവധി ക്രിസ്ത്യന്‍ സംഘടനകളിലെ അംഗങ്ങളും സംഘങ്ങളായി പ്രാര്‍ത്ഥന ചൊല്ലി പാര്‍ലമെന്റിന് മുന്നിലെത്തി പരിപാടിക്കൊപ്പം ചേരും. കഴിഞ്ഞ വര്‍ഷം ഭ്രൂണഹത്യക്കെതിരേ നടന്ന 'റാലി ഫോര്‍ ലൈഫ്' പരിപാടിയില്‍ മലയാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.
'സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും സാമൂഹിക സാഹചര്യങ്ങളുടെയും പേരു പറഞ്ഞ് ആയിരക്കണക്കിന് ഗര്‍ഭസ്ഥ ശിശുക്കള്‍ ബലിയര്‍പ്പിക്കപ്പെടുമ്പോള്‍ നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത, നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ശബ്ദമായി നാം മാറണമെന്ന് സംഘാടകരായ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ സംസ്ഥാന ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്സ് ആഹ്വാനം ചെയ്തു. കൈകളില്ലാതെ ജനിച്ച്, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട ജോസിയ കാപ്പര്‍ട്ട് തന്റെ കഥ പങ്കുവയ്ക്കുന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയാണ് 18 കാരനായ ജോസിയ കാപ്പര്‍ട്ട്. കൈകള്‍ ഉപയോഗിച്ച് ചെയ്യുന്ന എല്ലാ ജോലികളും, ഉദാഹരണത്തിന് അസൈന്‍മെന്റുകള്‍ ടൈപ്പു ചെയ്യാനും ഒരു കപ്പ് കാപ്പി കുടിക്കാനും വരെ ജോസിയ തന്റെ കാലുകള്‍ ഉപയോഗിക്കുന്നു. ഓസ്‌ട്രേലിയന്‍ യുവജന സംഘടനയായ യങ് ഓസ്‌ട്രേലിയ ലീഗിന്റെ സ്‌കോളര്‍ഷിപ്പും അടുത്തിടെ ജോസിയ കരസ്ഥമാക്കി. പ്രതിസന്ധികളെ അതിജീവിച്ച ജോസിയ കാപ്പര്‍ട്ടിന്റെ അനുഭവകഥ 'റാലി ഫോര്‍ ലൈഫില്‍' പങ്കെടുക്കുന്നവര്‍ക്ക് പ്രചോദനമേകും.
രാഷ്ട്രീയ അജണ്ടകളില്‍ ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടുത്തുന്നതിനെതിരേ പ്രതികരിക്കുന്നത് നാം തുടരണമെന്നും പീറ്റര്‍ ആബെറ്റ്സ് പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം വൈകിട്ട് ആറു മണിയോടെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. റാലി ആരംഭിക്കുന്നതിനു മുന്നോടിയായി നടക്കുന്ന പ്രാര്‍ത്ഥനയ്ക്കായി ചെറിയ ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ വേണ്ടിയാണിത്. പങ്കെടുക്കുന്നവര്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒപ്പം കൊണ്ടുവരണമെന്നും പീറ്റര്‍ ആബെറ്റ്സ് ക്ഷണിച്ചു.
പെര്‍ത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന 'റാലി ഫോര്‍ ലൈഫ്' പടിഞ്ഞാറന്‍ ഓസ്ട്രേലിയ സംസ്ഥാനത്ത് വലിയ ചലനം സൃഷ്ടിക്കാറുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം റാലിക്കെതിരേ പ്രതിഷേധവുമായി അന്‍പതോളം ഗര്‍ഭച്ഛിദ്രാനുകൂലികള്‍ എത്തിയിരുന്നു. മുദ്രാവാക്യം വിളിച്ച് പരിപാടി തടസപ്പെടുത്താനും ശ്രമിച്ചു. പ്രതിഷേധങ്ങള്‍ വര്‍ധിക്കുമ്പോഴും പരിപാടി സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് കൂടുതല്‍ പേരെ റാലിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.