പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനിടെ അമേരിക്കന്‍ ദേവാലയത്തില്‍ തോക്കുമായെത്തിയ കൗമാരക്കാരനെ പിടികൂടി; വീഡിയോ

പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനിടെ അമേരിക്കന്‍ ദേവാലയത്തില്‍ തോക്കുമായെത്തിയ കൗമാരക്കാരനെ പിടികൂടി; വീഡിയോ

അബ്ബെവില്ലെ: ലോകമെമ്പാടും ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയായി അമേരിക്കയിലെ കത്തോലിക്കാ ദേവാലയത്തില്‍ തോക്കുമായെത്തി പരിഭ്രാന്തി സൃഷ്ടിച്ച കൗമാരക്കാരനെ പിടികൂടി. അമേരിക്കന്‍ സംസ്ഥാനമായ ലുയിസിയാനയിലെ അബ്ബെവില്ലെ സെന്റ് മേരി മഗ്ദലന കത്തോലിക്കാ ദേവാലയത്തില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് തോക്കുമായെത്തിയ 16-കാരനെ പിടികൂടിയത്.

60 കുട്ടികള്‍ തങ്ങളുടെ ആദ്യ കുര്‍ബാന സ്വീകരണം നടത്താനിരിക്കെയാണ് ഇടവകാംഗങ്ങളെയാകെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ സംശയാസ്പദമായ രീതിയില്‍ ആയുധവുമായി എത്തിയ കൗമാരക്കാരന്‍ പള്ളിയുടെ പിന്‍വാതിലിനരികെ നില്‍ക്കുന്നത് കണ്ട ഇടവകാംഗങ്ങള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദേവാലയത്തില്‍ കൂടിയിരുന്നവര്‍ പരിഭ്രാന്തരാകുന്നത് തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഫാ. നിക്കോളാസ് ജി. ഡ്യൂപ്രെയുടെ ചെവിയില്‍ ആരോ ഒരാള്‍ രഹസ്യമായി വിവരങ്ങള്‍ അറിയിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ധൈര്യവും സംയമനവും കൈവിടാതിരുന്ന വൈദികന്‍ എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു. പിന്നാലെ അദ്ദേഹം 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ ആരംഭിച്ചു. ആളുകള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പള്ളിയുടെ പിന്‍ഭാഗത്തേക്ക് നോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലേ തോക്കുകളുമേന്തി പോലീസ് പള്ളിയിലേക്കു പ്രവേശിച്ചു. അക്രമിയെ പിടികൂടിയെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും എല്ലാവരും ശാന്തരായിരിക്കാനും സന്ദേശം ലഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പ്രതിയെ അബ്ബെവില്ലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പിടികൂടിയെന്നും 16-കാരന്‍ പോലീസ് കസ്റ്റഡിയിലാണെന്നും ദേവാലയ നേതൃത്വം പിന്നീട് അറിയിച്ചു. ദേവാലയത്തിലുണ്ടായിരുന്നവര്‍ക്ക് ഇതൊരു ഭയാനകമായ അനുഭവമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചതിന് ഇടവകാംഗങ്ങളോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുകയാണെന്ന് അബ്ബെവില്ലെയിലെ സെന്റ് മേരി ദേവാലയ നേതൃത്വം അറിയിച്ചു. ദേവാലയത്തിന് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.