കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും വിധിച്ചു. ഇതിനോടൊപ്പം പിഴയും അടയ്ക്കണം.
ഐപിസി 302, 449 വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 449 പ്രകാരം വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും 25,000രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധികതടവ് അനുഭവിക്കണം.
കൊലപാതകത്തിന് ജീവപര്യന്തം തടവിനൊപ്പം രണ്ട് ലക്ഷം രൂപ വിഷ്ണു പ്രിയയുടെ കുടുംബത്തിന് നല്‍കുകയും വേണം. ഇത് നല്‍കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. രണ്ട് വകുപ്പുകളിലുമുള്ള ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റി വച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.
വിഷ്ണുപ്രിയയുടെ മുന്‍ സുഹൃത്തായിരുന്നു ശ്യാംജിത്ത്. ഇയാള്‍ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസില്‍ നിര്‍ണായക തെളിവായത്. 2022 ഒക്ടോബര്‍ 22 നാണ് യുവതി കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു.
പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടന്‍ ഫോണ്‍ കട്ടാവുകയുമായിരുന്നു. ഈ സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു.
ബാഗില്‍ മാരക ആയുധങ്ങളുമായെത്തിയ ശ്യാംജിത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണു പ്രിയയെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൃത്യം നടത്തുന്നതിന്റെ രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇതും കേസില്‍ നിര്‍ണായക തെളിവായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.