'നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷ': നിമിഷ പ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം

'നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷ': നിമിഷ പ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം

ന്യൂഡല്‍ഹി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

കെ.എ പോള്‍ ആണോ മധ്യസ്ഥനെന്ന് കോടതി ചോദിച്ചു. പോള്‍ അല്ല, പുതിയ ആളാണ് മധ്യസ്ഥനെന്ന് കേന്ദ്രം വ്യക്തമാക്കി. നിമിഷ പ്രിയയുടെ ജീവനില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണെന്നും കേന്ദ്രം അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയ കോടതി അതിനിടെ പുതിയ സംഭവങ്ങളുണ്ടായാല്‍ പരിഗണിക്കുമെന്നും വ്യക്തമാക്കി.

നിമിഷ പ്രിയയുടെ വധശിക്ഷ 2025 ഓഗസ്റ്റ് 24 നോ 25 നോ നടപ്പാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചതിലൂടെയാണ് കെ.എ പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ഇക്കാര്യമറിയിച്ചത്.

നിമിഷ പ്രിയയുടെ മോചനത്തിനായി പോള്‍ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുംഈ സമയം കേന്ദ്രം വ്യക്തമാക്കിയിരുന്നു.

2017 ജൂലൈയില്‍ തലാല്‍ അബ്ദുള്‍ മഹ്ദി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നിമിഷ പ്രിയ യെമനിലെ ജയിലില്‍ കഴിയുന്നത്. ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ് ആഭ്യന്തര യുദ്ധം കലുഷമായ യെമന്‍ തലസ്ഥാനമായ സന. അയല്‍ രാജ്യമായ ജിബൂട്ടിയിലാണ് ഇന്ത്യന്‍ എംബസിയുള്ളത്.

തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012 ലാണ് നിമിഷ പ്രിയ യെമനില്‍ നഴ്സായി പോയത്. തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാന്‍ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി. പിന്നീട് കൂടുതല്‍ പണം കണ്ടെത്താന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷ പ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്.

നിമിഷ ഭാര്യയാണെന്നാണ് തലാല്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാര പ്രകാരം വിവാഹവും നടത്തി. പാസ്പോര്‍ട്ട് തട്ടിയെടുക്കുകയും സ്വര്‍ണം വില്‍ക്കുകയും ചെയ്തു.

പരാതി നല്‍കിയ നിമിഷ പ്രിയയെ ക്രൂരമായി മര്‍ദ്ദിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ പ്രതിരോധിച്ചപ്പോഴാണ് മഹ്ദി മരിച്ചതെന്നാണ് നിമിഷ പ്രിയയുടെ മൊഴി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.