ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പു നല്‍കിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉപയോക്താക്കളുടെ താല്പര്യം സംരക്ഷിച്ച് മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം നല്കിയ മറുപടി.
റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യയും പ്രതികരിച്ചു. 'ഇന്ത്യന്‍ സര്‍ക്കാറിന്റെ നയത്തിന് അനുസരിച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യന്‍ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താല്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങള്‍ റഷ്യ-ഇന്ത്യ ബന്ധങ്ങള്‍ക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള സഹകരണം തുടരും'- റഷ്യ വ്യക്തമാക്കി.
ട്രംപിന്റെ അവകാശവാദം പരോക്ഷമായി തള്ളിയ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ഇന്ധന ലഭ്യതയും വില പിടിച്ചു നിര്‍ത്തുന്നതും ആണ് ഇന്ത്യയുടെ ഇറക്കുമതി നയം നിര്‍ണയിക്കുന്നതെന്നും വ്യക്തമാക്കി. ഇന്ത്യയിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്യണം എന്ന താല്പര്യം അമേരിക്ക അറിയിച്ചെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും അദേഹം പറഞ്ഞു.
ഇന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് പറഞ്ഞു. ചൈന ഇതേ നിലപാട് സ്വീകരിക്കാന്‍ ചൈനയുടെ മേല്‍ സമ്മര്‍ദ്ദം തുടരുമെന്നും ട്രംപ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.