വർഗീയ പ്രീണനനയം; ഇടതുപക്ഷത്തിനെതിരെ യാക്കോബായസഭ

വർഗീയ പ്രീണനനയം; ഇടതുപക്ഷത്തിനെതിരെ യാക്കോബായസഭ

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വർഗീയ പാർട്ടി എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇടതു നേതാക്കൾ അടുത്തിടെ നടത്തിയ പ്രസ്താവനകളെ തള്ളുന്നാണ് ഗീവർഗീസ് മാർ കൂറിലോസിന്‍റെ വാക്കുകൾ. വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

'പറയാതെ വയ്യ' എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീവർഗീസ് മാർ കൂറിലോസിന്റെ വാക്കുകൾ 'തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ ഭൂഷണമല്ല,' അദ്ദേഹം പറഞ്ഞു.

എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്‌ഫോടനത്മകമായ സന്ദര്‍ഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച മുസ്‌ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്‌ലിം -ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്‍പ്പിക്കും.

മുസ്​ലിം ലീഗിനെതിരായ പ്രസ്താവനക്ക് ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രംഗത്തെത്തിയിരുന്നു. സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചതെന്ന് ഇന്ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എ വിജയരാഘവൻ ആരോപിച്ചിരുന്നു.

വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌ എന്നാണ് വിജയരാഘവൻ പറഞ്ഞത്.

ഇതേതുടർന്ന്, വിജയരാഘവനെതിരെ ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ.കെ ബാബുരാജും വിമർശനമുന്നയിച്ചിരുന്നു. എ. വിജയരാഘവന്റെ വംശീയമായ അബോധം ഞെട്ടിപ്പിക്കുന്നതാണെന്നും, വിജയരാഘവനെപ്പോലെ ജനങ്ങളാൽ വെറുക്കപ്പെടുന്ന ഒരു നേതാവ് മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിട്ടുണ്ടോ എന്നു സംശയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗീവർഗീസ് മാർ കൂറിലോസിൻെറ വിമർശനം വന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.