സങ്കീര്‍ണ രോഗാവസ്ഥ അതിജീവിച്ചവരുടെ അനുഭവങ്ങള്‍ക്ക് ദൃശ്യാവിഷ്‌കാരമേകി 'എച്ച് ഫോര്‍ ഹോപ്പ്; യു.എ.ഇയിലെ ആദ്യ ഹെല്‍ത്ത് കെയര്‍ വീഡിയോ സീരിസ് പുറത്ത്

സങ്കീര്‍ണ രോഗാവസ്ഥ അതിജീവിച്ചവരുടെ അനുഭവങ്ങള്‍ക്ക് ദൃശ്യാവിഷ്‌കാരമേകി 'എച്ച് ഫോര്‍ ഹോപ്പ്; യു.എ.ഇയിലെ ആദ്യ ഹെല്‍ത്ത് കെയര്‍ വീഡിയോ സീരിസ് പുറത്ത്

അബുദാബി: ഡോക്ടര്‍മാരുടെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍ വേദനകളില്‍ നിന്നും പ്രതീക്ഷയിലേക്കുള്ള ആ ജീവിതയാത്ര ഒരിക്കല്‍ കൂടി കണ്ടു. അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യസഹായവും തീവ്രത ചോരാതെ അബുദാബി അല്‍ ഖാനയിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അതിജിവിച്ചവരുടെ മുഖങ്ങളില്‍ കണ്ണീരും പുഞ്ചിരിയും. യുഎയിലെ ആദ്യ ഹെല്‍ത്ത്‌കെയര്‍ വീഡിയോ സീരിസായ 'എച്ച് ഫോര്‍ ഹോപ്പ്' ആദ്യ പ്രദര്‍ശന വേദിയാണ് പ്രേക്ഷകര്‍ക്ക് വ്യത്യസ്ത ദൃശ്യാനുഭവനമൊരുക്കിയത്.

ബുര്‍ജീല്‍ ഹോള്‍ഡിങ്സിനു കീഴിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി (ബിഎംസി) നിര്‍മിച്ച എച്ച് ഫോര്‍ ഹോപ്പ് യഥാര്‍ത്ഥ ജീവിതത്തിലെ രോഗികളുടെയും ഡോക്ടര്‍മാരുടെയും അപൂര്‍വവും സങ്കീര്‍ണവുമായ അനുഭവങ്ങള്‍ക്കാണ് ദൃശ്യാവിഷ്‌ക്കാരമേകിയത്. പ്രദര്‍ശനത്തിന് മുന്നോടിയായി ഇവര്‍ റെഡ് കാര്‍പ്പെറ്റിലൂടെ ഒരുമിച്ചു നടന്നെത്തി. അഞ്ച് ഹ്രസ്വചിത്രങ്ങളടങ്ങിയ ആദ്യ സീസണ്‍ അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്കിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. പ്രത്യേക സ്‌ക്രീനിങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്.


ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍

ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ (ടുശിമ യശളശറമ) എന്ന സങ്കീര്‍ണ രോഗാവസ്ഥ കണ്ടെത്തിയ ദമ്പതികളുടെ ഹൃദയസ്പര്‍ശിയായ യാത്രയാണ് ഹ്രസ്വചിത്രങ്ങളില്‍ ഒന്നിന്റെ പ്രേമേയം. ബിഎംസിയിലെ ഡോ.മന്ദീപ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ ഗര്‍ഭാശയ ശസ്ത്രക്രിയ അവരുടെ ജീവിതത്തില്‍ വഴിത്തിരിവായി. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദമ്പതികള്‍ ആരോഗ്യമുള്ള കുഞ്ഞിനെ സ്വാഗതം ചെയ്തു. ഇവര്‍ ജീവിതത്തില്‍ നേരിട്ട സംഘര്‍ഷങ്ങളും ആശങ്കകളും ചിത്രത്തിലുടനീളമുണ്ട്.

കഠിനമായ വേദനയാല്‍ ജീവിതം വഴിമുട്ടിയ ഫുട്‌ബോള്‍ പ്രേമിയായ കുട്ടിയുടെ യാത്രയാണ് മറ്റൊരു ചിത്രം. ബിഎംസിയിലെ ഡോക്ടര്‍മാര്‍ ഇത് സിക്കിള്‍ സെല്‍ രോഗമാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, ഡോ. സൈനുല്‍ ആബിദീന്റെ നിര്‍ദേശപ്രകാരം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഫുട്‌ബോള്‍ മൈതാനത്തിലേക്കുള്ള കുട്ടിയുടെ വിജയകരമായ തിരിച്ചുവരവ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ തിയറ്ററില്‍ കയ്യടികള്‍ ഉയര്‍ന്നു.

രോഗികളുടെയും കുടുംബങ്ങളുടെയും അനുഭവങ്ങളും ബിഎംസിയിലെ ലോകോത്തര ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രൊഫഷണല്‍ വൈദഗ്ധ്യവും പരിചരണവും സമന്വയിപ്പിക്കുന്ന എച്ച് ഫോര്‍ ഹോപ്പ് പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നതോടൊപ്പം മികച്ച പരിചരണത്തിനും മെഡിക്കല്‍ മുന്നേറ്റങ്ങള്‍ക്കുമുള്ള കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ പുരോഗതി ഉയര്‍ത്തികാട്ടുക കൂടിയാണ് ലക്ഷ്യമിടുന്നത്.

രോഗത്തെ അതിജീവിച്ച് റെഡ് കാര്‍പ്പെറ്റിലൂടെ നടക്കാനായത് അവിസ്മരണീയ അനുഭവമായെന്ന് ചടങ്ങിനെത്തിയവരും കുടുംബാംഗങ്ങളും പറഞ്ഞു. ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രത്യാശ പകരുന്ന ഈ സീരിസിന്റെ ഭാഗമായതില്‍ സന്തോഷിക്കുന്നതായി മുഹമ്മദ് പറഞ്ഞു.

അബുദാബിയുടെ മെഡിക്കല്‍ മുന്നേറ്റം പ്രേക്ഷകരുമായി പങ്കിടുന്നതിനാണ് സീരീസിലൂടെ ശ്രമിക്കുന്നതെന്നും പ്രത്യാശയുടെ പ്രതീകങ്ങളാണ് ഇതിലെ ഓരോ അനുഭവങ്ങളെന്നും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗികളുടെ ജീവിതത്തില്‍ ചെലുത്താന്‍ കഴിയുന്ന അഗാധമായ സ്വാധീനത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഈ ഹ്രസ്വചിത്രങ്ങള്‍.

എച്ച് ഫോര്‍ ഹോപ്പ് സീരീസിലെ വീഡിയോകള്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.