സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദേവാലയമായ സിഡ്‌നി സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ ഘോഷയാത്ര ഭക്തിസാന്ദ്രമായി. മെഴുകുതിരികളും ജപമാലകളും കൈയിലേന്തിയ വിശ്വാസികളുടെ അകമ്പടിയോടെ മാതാവിന്റെ തിരുസ്വരൂപം നഗരത്തിലൂടെ ആനയിച്ചു. പൂക്കളാല്‍ അലങ്കരിച്ച തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ദര്‍ശിക്കാനും വണങ്ങാനും പള്ളിയങ്കണത്തിലും വീഥികളിലും ആയിരത്തിലധികം വിശ്വാസികള്‍ എത്തിയിരുന്നു. സിഡ്‌നിക്കകത്തും പുറത്തും നിന്ന് ആയിരക്കണക്കിനു വിശ്വാസികളാണ് തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുത്തത്.
ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒപിയുടെ നേതൃത്വത്തിലായിരുന്നു ഫാത്തിമ മാതാവിന്റെ ജപമാല പ്രദക്ഷിണം. മെയ് 11-ന് സെന്റ് മേരീസ് കത്തീഡ്രലില്‍ വൈകിട്ട് നടന്ന ജാഗരണ കുര്‍ബാനയെത്തുടര്‍ന്ന് ആയിരക്കണക്കിന് മെഴുകുതിരികള്‍ കത്തിച്ചുകൊണ്ട് വിശ്വാസികള്‍ നഗരവീഥിയിലേക്ക് ഇറങ്ങി. ഇംഗ്ലീഷ്, അറബി, ക്രൊയേഷ്യന്‍, പോര്‍ച്ചുഗീസ്, വിയറ്റ്‌നാമീസ്, ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ജപമാല ചൊല്ലിയത് ഘോഷയാത്രയുടെ ആകര്‍ഷണമായി.
സന്ധ്യാ സമയത്തെ മങ്ങിയ വെളിച്ചത്തില്‍ കത്തിച്ചുപിടിച്ച ആയിരക്കണക്കിനു മെഴുകുതിരികളുടെ വെട്ടം നഗരത്തിലെ അതിമനോഹരമായ കാഴ്ച്ചയായി.
മഴയുടെ ഭീഷണി അവഗണിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. 'വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഒരുമിച്ച് അവരുടെ മാതൃഭാഷകളില്‍ ജപമാല ചൊല്ലുന്നത് നമ്മുടെ കത്തോലിക്കാ വിശ്വാസത്തിന്റെ സാര്‍വത്രികതയെയാണ് കാണിക്കുന്നതെന്ന് വിശ്വാസിയായ മൗറീന്‍ ടാമര്‍ പറഞ്ഞു. 'ഞങ്ങള്‍ ഭാഷയാല്‍ വിലക്കപ്പെട്ടിട്ടില്ല, മറിച്ച് വിശ്വാസത്താലും പ്രത്യാശയാലും ഐക്യപ്പെടുന്നു. തിരുനാള്‍ ഘോഷയാത്രയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി നിലവിലെ സാംസ്‌കാരിക കാലാവസ്ഥയില്‍ പ്രതീക്ഷ പകരുന്നതാണ്. നാം ഇപ്പോള്‍ ജീവിക്കുന്ന ദുരിതത്തിന്റെയും പട്ടിണിയുടെയും കാലഘട്ടത്തില്‍ ആത്മീയ ദുരിതത്തിലും ക്ഷാമത്തിലും ഫാത്തിമയുടെ സന്ദേശം തീര്‍ച്ചയായും അനിവാര്യമാണ്' - മൗറീന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26