പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിനായി തെരച്ചിൽ ഊർജിതം; അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിനായി തെരച്ചിൽ ഊർജിതം; അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുൻകൂർ ജാമ്യം തേടിയതായി റിപ്പോർട്ടുകൾ. ഇരുവരും കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഉഷ കുമാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് വിവരം. ഉഷയോടും മകളോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഹാജരായിരുന്നില്ല.

അതേസമയം രാഹുൽ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുൽ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നൽകിയിട്ടുണ്ട്. ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം.

പൊലീസിന്റെ കൈയിൽപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ ഈ പൊലീസുകാരനാണ് രാഹുലിന് പറഞ്ഞുകൊടുത്തതെന്നാണ് സൂചന. രാജേഷിനും ഈ പൊലീസുകാരൻ സഹായങ്ങൾ നൽകിയിരുന്നു. പൊലീസുകാരന്റെ ഫോൺ പരിശോധിച്ചേക്കും. പൊലീസുകാരനും പ്രതിയും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.

നവവധുവും കുടുംബവും പരാതി നൽകാനെത്തിയപ്പോൾ പൊലീസുകാർ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് മെമ്മോ നൽകിയിരുന്നു. കൂടാതെ എസ് എച്ച് ഒയെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

മേയ് അ​ഞ്ചി​ന് ​ഗു​രു​വാ​യൂ​രി​ൽ വച്ചായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയും​ ​വി​വാ​ഹം.​ ​പ​തി​നൊ​ന്നി​നാണ് യുവതിയെ പ്രതി ക്രൂരമായി മർദിച്ചത്. രാഹുൽ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് അധിക നാളായിട്ടില്ലെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.