ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കും. കേന്ദ്ര സംഘം ഉള്‍പ്പെട്ട പക്ഷിപ്പനി അവലോകന യോഗത്തിലാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗപ്രതിരോധ, നിരീക്ഷണ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സംഘം ജില്ലയിലെത്തിയത്.
രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ മാത്രമല്ലാതെ മുഴുവന്‍ സമയ നിരീക്ഷണ സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലയിലെ പക്ഷിപ്പനി നിരീക്ഷണ സംവിധാനം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം കമ്മിഷണര്‍ ഡോ. അഭിജിത്ത് മിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയില്‍ എത്തിയത്.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ്(നിഷാദ്) പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ.സി ടോഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പിഡമോളജി ആന്‍ഡ് ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. മുദ്ദസര്‍ ചന്ദ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. അദിരാജ് മിശ്ര എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പക്ഷിപ്പനി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി ദേശാടന പക്ഷികള്‍, തണ്ണീര്‍ത്തട പക്ഷികള്‍ എന്നിവയില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വളര്‍ത്തു പക്ഷികളെയും നിരീക്ഷിക്കണമെന്ന് യോഗം വിലയിരുത്തി.
കുട്ടനാട്ടിലെ താറാവ് വളര്‍ത്ത് രീതി മനസിലാക്കാന്‍ ചമ്പക്കുളം പഞ്ചായത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.