സമരം ശക്തിപ്പെടുത്താൻ കർഷകർ; റോഡുകളിൽ ഇരുമ്പാണികൾ പതിച്ചും ട്രെയിനുകൾ വഴി തിരിച്ചുവിട്ടും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ

സമരം ശക്തിപ്പെടുത്താൻ കർഷകർ; റോഡുകളിൽ ഇരുമ്പാണികൾ പതിച്ചും  ട്രെയിനുകൾ വഴി തിരിച്ചുവിട്ടും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് ഭാഗമായി ആയിരത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ കേന്ദ്ര സർക്കാർ നീക്കം. കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് ഡല്‍ഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ് മെയില്‍ ട്രെയിന്‍ വഴിതിരിച്ചുവിട്ട റെയില്‍വെ നടപടി വിവാദത്തിലായി. 


കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ആയിരത്തോളം കര്‍ഷകര്‍  ട്രെയിനില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനാണ് ട്രെയിന്‍ വഴി തിരിച്ചുവിട്ടതെന്നും കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. 

കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാൻ വേണ്ടിയുള്ള നടപടികളുടെ ഭാഗമായാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതിനിടെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ശനിയാഴ്ച ദേശവ്യാപകമായി റോഡുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. 

റിപബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾക്ക് ശേഷം പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രത്യക്ഷ സമര പരിപാടി ആണിത്. ഡൽഹി അതിർത്തികളിലെ സമരം അറുപത്തൊമ്പതാം ദിവസം കടന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരം പിൻവലിക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് സമരക്കാർ. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനായി ജാട്ട്  സമൂഹം കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇത് കേന്ദ്ര സർക്കാരിനും യുപി സർക്കാരിനും തിരിച്ചടിയാകും.



അതേസമയം, കർഷക പ്രക്ഷോഭത്തെ നേരിടാൻ തിക്രിക്ക് പുറമെ ഗാസിപുരിലെ സമര കേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിൽ പൊലീസ് ഇരുമ്പാണികള്‍ സ്ഥാപിച്ചു. 2000ത്തിലധികം ഇരുമ്പാണികളാണ് ഡൽഹി അതിർത്തിയായ റോഹ്തക് റോഡിലുൾപ്പെടെ പതിച്ചത്. ഹരിയാന ഭാഗത്തു നിന്നു വരുന്ന കർഷകരുടെ ട്രാക്ടറുകളുടെ ടയറുകൾ പഞ്ചറാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തങ്ങളുടെ പക്കൽ ആയുധങ്ങളുണ്ടെന്നും എന്നാൽ കർഷകരെ നേരിടാൻ തികച്ചും വ്യത്യസ്തമായ വഴികളാണ് ഉപയോഗിക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്.


അതേസമയം, കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. വിവാദ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നതടക്കം നിരവധി അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. നൂറിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത ട്വിറ്റർ 150ഓളം ട്വീറ്റുകളും ഡിലീറ്റ് ചെയ്തിരുന്നു.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്നുള്ള നിർദേശപ്രകാരം ട്വിറ്റർ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളിൽ ഭൂരിഭാഗവും ഇന്നലെ വൈകിട്ടോടെ പുനഃസ്ഥാപിച്ചു. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍, സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങളടങ്ങിയ പട്ടിക സര്‍ക്കാര്‍ ട്വിറ്ററിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.