സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഈ മാസം 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഈ മാസം 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഈ മാസം 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന മുലപ്പാല്‍ ബാങ്ക് റോട്ടറി ഡിസ്ട്രിക്റ്റ് മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രന്റെ ആശയമാണ്. അമ്മയുടെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

കേരളത്തില്‍ എറണാകുളത്തും തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലുമായി രണ്ട് മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികളുമായി റോട്ടറി ക്ലബ് മുന്നോട്ടുവന്നതെന്ന് മാധവ് ചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മാര്‍ഗരേഖ പ്രകാരം പാല്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശേഖരിക്കുന്ന പാല്‍ 6 മാസം വരെ ബാങ്കില്‍ കേട് കൂടാതെ സൂക്ഷിക്കാനാവും.

ജനറല്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭഘട്ടത്തില്‍ തികച്ചും സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.