മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് രാജ്യം. 
1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്റെ മണ്ണില്‍ മാഞ്ഞു പോയത് ഇന്ത്യന്‍ ജനതയുടെ മുഖശ്രീയാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്റെയാകെ സ്വപ്‌നങ്ങളും. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളും ആയിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. അങ്ങനെ ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 
1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്ന് കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.
1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിര്‍ണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്റെ പരിണിതഫലമെന്നോണം ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികള്‍ രാജീവിലെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്‍, എയര്‍ലൈന്‍സ്, പ്രതിരോധം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ രാജ്യം വളര്‍ന്നു. 
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്‍ക്കാരിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്റെ കാലത്തായിരുന്നു. കൂടാതെ രാജ്യത്ത് പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളില്‍പ്പെട്ടതാണ്.
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാനുള്ള രാജീവിന്റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടര്‍ന്ന് എല്‍ടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവില്‍ 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികള്‍ രാജീവിനെ വധിച്ചു. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി ശ്രീപെരുമ്പുദൂരില്‍വച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.