സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണം: ഇന്നും നാളെയും ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണം: ഇന്നും നാളെയും ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. കാസര്‍കോട് നീലേശ്വരം ബങ്കളം പുതിയകണ്ടം സ്വദേശി ബാലന്‍ (70), പൂത്തോട്ട പുത്തന്‍കാവ് ചിങ്ങോറോത്ത് സരസന്‍ (62) എന്നിവരാണ് ഇന്നലെ വൈകിട്ട് ഇടിമിന്നലേറ്റ് മരിച്ചത്.

അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇന്ന് ഏഴ് ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളികളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൂചന.

സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് പ്രതീക്ഷ. രണ്ടാം പാദമായ ഓഗസ്റ്റില്‍ അത് പെരുമഴയായേക്കാമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പതിവ് അളവിലോ അല്‍പം കൂടുതലോ മഴ ലഭിക്കും. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഉപരിതലത്തില്‍ ചൂട് കൂടുതലാണ്. ഇത് സാധാരണ നിലയിലേക്ക് മാറുന്നതാണ് കാലവര്‍ഷം നേരത്തെയെത്താന്‍ കാരണം.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡൈപോള്‍ പ്രതിഭാസത്തിലെ മാറ്റം കാരണമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കിഴക്കന്‍ ഉഷ്ണമേഖലയ്ക്കും പടിഞ്ഞാറന്‍ ഉഷ്ണമേഖലയ്ക്കും ഇടയിലെ ജലോപരിതല താപനില വ്യത്യസ്തമാകുമ്പോള്‍ സംഭവിക്കുന്ന ക്രമരഹിതമായ കാലാവസ്ഥാ പ്രതിഭാസമാണ് ഡൈപോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.