'ഡ്രൈ ഡേ എടുത്തുകളയാന്‍ കൊടുക്കേണ്ടത് കൊടുക്കണം'; വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കമെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

 'ഡ്രൈ ഡേ എടുത്തുകളയാന്‍ കൊടുക്കേണ്ടത് കൊടുക്കണം'; വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കമെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കമെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്തായി. മദ്യ നയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ചു ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച സന്ദേശമാണ് പുറത്തായിരിക്കുന്നത്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും (രാത്രി 11 എന്നത് 12 ലേക്ക് ആക്കാന്‍) ഒരാള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തായിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പിരിവെന്നാണ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്.

ഡ്രൈ ഡേ, ബാറുകളുടെ സമയം കൂട്ടല്‍ എന്നിവയടക്കം ഉടമകള്‍ മുന്നോട്ടു വച്ച കാര്യങ്ങള്‍ പരിഗണിച്ചുള്ള മദ്യ നയത്തിന് തിരക്കിട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്. അതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്തായിരിക്കുന്നത്. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ കൊടുക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്തു കളയും. അങ്ങനെ പല മാറ്റങ്ങളും ഉണ്ടാകും. അതു ചെയ്തു തരാന്‍ കൊടുക്കേണ്ടത് കൊടുക്കണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഇന്നലെ ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗം കൊച്ചിയില്‍ നടന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദ സന്ദേശം അയക്കുന്നതെന്ന് അനിമോന്‍ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ശബ്ദരേഖ പുറത്തു വന്നത് അനിമോന്‍ നിഷേധിച്ചില്ല. എന്നാല്‍ പരിശോധിക്കണമെന്ന് പറഞ്ഞു കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. കൊച്ചിയില്‍ സംഘടനയുടെ യോഗം നടന്നതായി പ്രസിഡന്റ് വി. സുനില്‍ കുമാറും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.