ബംഗളൂരു കഫേ സ്ഫോടനക്കേസ്: അഞ്ചാം പ്രതിയും അറസ്റ്റില്‍

 ബംഗളൂരു കഫേ സ്ഫോടനക്കേസ്: അഞ്ചാം പ്രതിയും അറസ്റ്റില്‍

ബംഗളൂരു: മാര്‍ച്ച് ഒന്നിന് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തില്‍ അഞ്ചാം പ്രതിയേയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. 35 കാരനായ കര്‍ണ്ണാടകയിലെ ഹുബാലി സ്വദേശി ഷൊയ്ബ് അഹമ്മദ് മിര്‍സ എന്ന ഛോട്ടുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പ് ലഷ്‌കറെ തൊയ്ബ ഭീകര ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.

ജയില്‍ മോചിതനായതിന് ശേഷമാണ് മിര്‍സ പുതിയ ഗൂഢാലോചനയില്‍ പങ്കാളിയായതെന്നും ഏജന്‍സി പറഞ്ഞു. 2018 ല്‍ ഇയാള്‍ പ്രതി അബ്ദുള്‍ മത്തീന്‍ താഹയുമായി സൗഹൃദം സ്ഥാപിക്കുകയും വിദേശത്തുണ്ടെന്ന് സംശയിക്കുന്ന ഓണ്‍ലൈന്‍ ഹാന്‍ഡ്ലറെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

ഏപ്രില്‍ 12 ന് കൊല്‍ക്കത്തയിലെ തന്റെ ഒളിത്താവളത്തില്‍ നിന്ന് സഹപ്രതി മുസ്സാവിര്‍ ഹുസൈന്‍ ഷാസിബിനൊപ്പം അറസ്റ്റിലായ അബ്ദുള്‍ മത്തീന്‍ താഹയും ഹാന്‍ഡ്ലറും തമ്മിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയത്തിനായി മിര്‍സ ഒരു ഇ-മെയില്‍ ഐഡിയും നല്‍കിയിരുന്നു. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികളെ പിടികൂടുന്നതിനായി എന്‍ഐഎ ഇന്ത്യയുടെ 29 സ്ഥലങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തി.

കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മാര്‍ച്ച് 3-ന് കേസ് ഏറ്റെടുത്ത അന്വേഷണ ഏജന്‍സി ഏപ്രില്‍ 12 ന് വിഷയത്തില്‍ മുഖ്യ സൂത്രധാരന്‍ അദ്ബുല്‍ മത്തീന്‍ അഹമ്മദ് താഹ ഉള്‍പ്പെടെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കഫേയില്‍ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഥാപിച്ചതായി ആരോപിക്കപ്പെടുന്ന താഹയെയും മറ്റ് പ്രതികളായ മുസാവിര്‍ ഹുസൈന്‍ ഷാസിബിനെയും കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരുന്നത്.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വസ്തുവകകള്‍ക്ക് വന്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സ്‌ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചനയും ഹാന്‍ഡ്‌ലറുടെ പങ്കും അന്വേഷിക്കാന്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.