തുടക്കത്തിലേ 370+ ല്‍ നിന്ന് താഴ്ന്ന് പറന്ന് ബിജെപി; കോണ്‍ഗ്രസിന്റെ 'മഹാലക്ഷ്മി' ഗ്രാമങ്ങളെ ഉണര്‍ത്തുമോ?.. അടിയൊഴുക്കിനെ ഭയക്കുന്നതാര്?

തുടക്കത്തിലേ 370+ ല്‍ നിന്ന് താഴ്ന്ന് പറന്ന് ബിജെപി; കോണ്‍ഗ്രസിന്റെ 'മഹാലക്ഷ്മി' ഗ്രാമങ്ങളെ ഉണര്‍ത്തുമോ?.. അടിയൊഴുക്കിനെ ഭയക്കുന്നതാര്?

അമ്പലങ്ങളിലും ഗുരുദ്വാരകളിലും സന്യാസി മഠങ്ങളിലും സന്ദര്‍ശനം നടത്തിയും ഗംഗയില്‍ മുങ്ങിയുള്ള വിഗ്രഹാരാധനയ്ക്കുമെല്ലാം പ്രധാനമന്ത്രി ഓടി നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ക്ഷേത്രവും ഹിന്ദുത്വ ദേശീയതയുമൊന്നുമല്ല, വ്യാപകമായ തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷിക വിലത്തകര്‍ച്ചയുമാണ് മുഖ്യ ചര്‍ച്ച.

ബിജെപി 370+.... എന്‍ഡിഎ 400+.... ഇതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ നരേന്ദ്ര മോഡിയും അമിത് ഷാ അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കളും ഉയര്‍ത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിലൂടെ തിളയ്ക്കുന്ന ഹിന്ദുത്വ വികാരത്തെ ദേശീയതയുമായി വിളക്കിച്ചേര്‍ത്ത് കൃത്യമായൊരു രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യുക... മുഖ്യ പ്രചാരകനായി മോഡിയെ മുന്നില്‍ നിര്‍ത്തി അങ്കത്തിനിറങ്ങുക... അതായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം.

നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്നുള്ള ഈ നിര്‍ദേശം ശിരസാ വഹിച്ചുകൊണ്ടുള്ള പ്രചാരണമായിരുന്നു തുടക്കത്തില്‍ ബിജെപി നേതാക്കള്‍ ആരംഭിച്ചത്. ജയിക്കാനല്ല ഇത്തവണ ബിജെപി മത്സരിക്കുന്നത്, മൂന്നില്‍ രണ്ടിന് മുകളില്‍ സീറ്റുകള്‍ നേടി അതി ശക്തമായ മൂന്നാം വട്ട ഭരണമാണ് ലക്ഷ്യമിടുന്നതെന്ന പ്രതീതി തുടക്കത്തിലേ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു ബിജെപി 370+.... എന്‍ഡിഎ 400+ എന്നത്.

എന്നാല്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് പൂര്‍ത്തിയായപ്പോള്‍ തന്നെ ബിജെപിക്ക് അപകടം മണത്തു. രാമക്ഷേത്രം വരേണ്യ, മധ്യ വര്‍ഗം വിട്ട് താഴേ തട്ടിലേക്ക് ഏശുന്നില്ലെന്നും കോടികള്‍ മുടക്കി വജ്രവും വൈഢൂര്യവും മുതല്‍ പുഷ്യരാഗവും ഗോമേദകവുമടക്കമുള്ള നവരത്‌നങ്ങള്‍ പതിച്ച രാമക്ഷേത്രത്തില്‍ പോയി പുണ്യാഹം കഴിച്ചാല്‍ വിശപ്പിന്റെ വിളി മാറില്ലെന്ന് പത്ത് വര്‍ഷത്തെ മോഡി ഭരണം കൊണ്ട് ബോധ്യപ്പെട്ട കോടിക്കണക്കിനാളുകളാണ് താഴേ തട്ടിലുള്ളതെന്ന തിരിച്ചറിവ് ബിജെപിയുടെ മാസ്റ്റര്‍ ബ്രെയിനുകളെ ഉലച്ചു. മാത്രമല്ല, മോഡി പ്രഭാവം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നും ബോധ്യപ്പെട്ടു.

അതോടെ ബിജെപി നേതൃത്വം മറ്റൊരു ബാലാക്കോട്ടിനായി കളങ്ങള്‍ വരച്ചു. 2019 ലെ തിരഞ്ഞെടുപ്പില്‍ ഉറിയിലും പത്താന്‍കോട്ടും ഉണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ മിന്നലാക്രമണത്തിന് സൈന്യത്തിന്റെ പേരില്‍ ദേശീയത വളര്‍ത്തി വോട്ടുകള്‍ നേടിയത് എങ്ങനെയെന്ന് ബിജെപി്ക്കറിയാം. സൈന്യത്തിന്റെ പേരില്‍ വമ്പ് പറഞ്ഞ് വോട്ട് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിന്ദുത്വത്തെ അതി ദേശീയതയുമായി ബന്ധപ്പെടുത്തി മുതലെടുക്കുകയായിരുന്നു.

എന്നാല്‍ 2024 ല്‍ ബിജെപിക്ക് മുന്നില്‍ അത്തരമൊരു സാഹചര്യമില്ല. അതിനാലാണ് രാമക്ഷേത്രം കൊണ്ട് കാര്യമായി കത്താത്ത ഹിന്ദുത്വ വികാരം ആളിപ്പടര്‍ത്താന്‍ മോഡി രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെ തിരിഞ്ഞത്. ഒരു പ്രധാനമന്ത്രിയുടെ നാവില്‍ നിന്നും രാജ്യം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ കോണ്‍ഗ്രസിനെ ചാരി മോഡി മുസ്ലീം സമുദായത്തിനെതിരെ പലവട്ടം ഉന്നയിച്ചു.

തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടവും കഴിഞ്ഞതോടെ അതുമേല്‍ക്കില്ലെന്ന് മനസിലായ മോഡി താന്‍ മുസ്ലീങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞില്ലെന്ന് തിരുത്തി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ കെട്ടു താലി ഉള്‍പ്പെടെയുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടി മുസ്ലീങ്ങള്‍ക്ക് വീതം വെയ്ക്കുമെന്ന് ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞ പ്രധാനമന്ത്രി ഞാന്‍ മുസ്ലീം വിരുദ്ധത പറഞ്ഞിട്ടില്ലെന്ന് പിന്നീട് മാറ്റി പറഞ്ഞു. എന്നാല്‍ വികസനം ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കാത്ത മോഡി വളരെ പെട്ടന്ന് വിറ്റഴിയുന്ന തന്റെ വിദ്വേഷ പ്രസംഗങ്ങള്‍ വീണ്ടും തുടരുന്നു.

അതിനിടെ മഹാലക്ഷ്മി പദ്ധതി പ്രകാരം രാജ്യത്തെ പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം ഒരു വര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന കോണ്‍ഗ്രസ് പത്രികയിലെ വാഗ്ദാനം ബിജെപി കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചു. ശൗച്യാലയ രാഷ്ട്രീയം കളിച്ച് നിര്‍ധന വിഭാഗങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വോട്ട് പെട്ടിയിലാക്കാമെന്ന തങ്ങളുടെ കണക്കു കൂട്ടലുകള്‍ക്ക് 'മഹാലക്ഷ്മി' പാരയാകുമോ എന്ന ചിന്തയും ബിജെപിയെ വേട്ടയാടുന്നുണ്ട്.

ഇത് മുന്‍കൂട്ടി കണ്ടു തന്നെയാണ് രാഹുല്‍ ഗാന്ധി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെല്ലാം നിര്‍ധനരായ സ്ത്രീകള്‍ക്ക് കൈത്താങ്ങാകുന്ന മഹാലക്ഷ്മി പദ്ധതിയെപ്പറ്റി ഊന്നിപ്പറയുന്നത്. മോഡി സര്‍ക്കാര്‍ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിന് പവപ്പെട്ടവരെ തങ്ങള്‍ ലക്ഷാധിപതികളാക്കുമെന്നുമാണ് രാഹുലിന്റെ വാഗ്ദാനം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മറ്റ് രണ്ട് പ്രധാന വിഷയങ്ങളാണ് രൂക്ഷമായ തൊഴിലില്ലായ്മയും മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളും. അധികാരത്തിലെത്തിയാല്‍ അഗ്നി വീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്.

അമ്പലങ്ങളിലും ഗുരുദ്വാരകളിലും സന്യാസി മഠങ്ങളിലും സന്ദര്‍ശനം നടത്തിയും ഗംഗയില്‍ മുങ്ങിയുള്ള വിഗ്രഹാരാധനയ്ക്കുമെല്ലാം പ്രധാനമന്ത്രി ഓടി നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ക്ഷേത്രവും ഹിന്ദുത്വ ദേശീയതയുമൊന്നുമല്ല, വ്യാപകമായ തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷിക വിലത്തകര്‍ച്ചയുമാണ് മുഖ്യ ചര്‍ച്ച.

നഗര കേന്ദ്രീകൃതമായ വികസനങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കിയ മോഡി സര്‍ക്കാര്‍ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പോലും മറന്നതില്‍ ശക്തമായ രോഷം ഉത്തരേന്ത്യന്‍ ഉള്‍ ഗ്രാമങ്ങളില്‍ ഉയര്‍ന്നത് വോട്ടെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ പ്രകടമായിരുന്നു.

ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവ അടക്കമുള്ള ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇക്കുറി കര്‍ഷക രോഷം മാത്രമല്ല, ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരം കൂടി നരേന്ദ്ര മോഡിയും ബിജെപിയും നേരിടേണ്ടി വരും. അര്‍ബന്‍ മേഖലയില്‍ ലഭിക്കുന്ന പിന്തുണ ഗ്രാമ മേഖലയില്‍ പാര്‍ട്ടിയ്ക്കുണ്ടാവില്ലെന്ന ബോധ്യത്തോടെ തന്നെയാണ് വലിയ രീതിയിലുള്ള സാമുദായിക ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നത്.

മാത്രമല്ല, ദേശീയ, പ്രാദേശിക തലങ്ങളില്‍ നിലനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിയ്ക്ക് കഴിയാതിരുന്നത് മോഡി മാജിക്ക് കൊണ്ട് മറികടക്കാനായിട്ടില്ല. അതിനാല്‍ മധ്യ വര്‍ഗം മോഡിക്കൊപ്പം നിന്നാലും ഗ്രാമങ്ങളിലെ അടിസ്ഥാന വിഭാഗം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഊറ്റം കൊള്ളല്‍ കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിഞ്ഞവരാണ്. ഇതാണ് ഇക്കുറി മോഡിയേയും കൂട്ടരേയും അടിത്തട്ടില്‍ ഭയപ്പെടുത്തുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ നിന്ന് അവസാന ഘട്ടമെത്തുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റം കൈവരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം കൂടുതല്‍ ഫലപ്രദമായി സെറ്റ് ചെയ്യുന്നതില്‍ പ്രതിപക്ഷ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഉദാസീനത ഇന്ത്യ മുന്നണിക്ക് തിരിച്ചടി തന്നെയാണ്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയിലെത്താത്തതും ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കൂടിയ കൂട്ട് അവരുടെ മറ്റൊരു ശക്തി കേന്ദ്രമായ പഞ്ചാബില്‍ വേണ്ടന്നു വച്ചതും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും.

പതിമൂന്ന് സീറ്റുള്ള പഞ്ചാബില്‍ കോണ്‍ഗ്രസ്, ബിജെപി, എഎപി, അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. ഡല്‍ഹിയിലേതു പോലെ ഇവിടെയും കോണ്‍ഗ്രസ് - ആം ആദ്മി സീറ്റ് ധാരണ വന്നിരുന്നെങ്കില്‍ ഇന്ത്യാ മുന്നണിക്ക് പഞ്ചാബ് തൂത്തുവാരാമായിരുന്നു.

പ്രയങ്കാ ഗാന്ധിയുടെ ഇടപെടലില്‍ ഉത്തര്‍പ്രദേശില്‍ അവസാന നിമിഷം അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 80 ലോക്‌സഭാ സീറ്റില്‍ 2019 ല്‍ കോണ്‍ഗ്രസ് സോണിയാ ഗാന്ധിയുടെ റായ്ബറേലില്‍ മാത്രമാണ് വിജയം കണ്ടത്. എന്നാല്‍ ഇത്തവണ എസ്.പിയുമായി ചേര്‍ന്ന് 17 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഏഴ് സിറ്റുകളില്‍ വിജയം പ്രതീക്ഷിക്കുന്നു.

എന്തായാലും പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വച്ച് വിദ്വേഷ പരാമര്‍ശങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ദാരിദ്ര്യ നിര്‍മാര്‍ജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉള്‍പ്പെടെയുള്ള ജനപ്രിയ വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ ഇന്ത്യ മുന്നണിക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇവിടെയാണ് ഗ്രാമീണ മേഖലയില്‍ ചില അടിയൊഴുക്കുകള്‍ക്ക് സാധ്യതയേറുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.