'ചാരമായി' ഉത്തരകൊറിയയുടെ ചാര ഉപഗ്രഹം; വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു

'ചാരമായി' ഉത്തരകൊറിയയുടെ ചാര ഉപഗ്രഹം; വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു

പ്യോംഗ്യാങ്: ചാര ഉപഗ്രഹം വിക്ഷേപിക്കാന്‍ ശ്രമിച്ച ഉത്തര കൊറിയയ്ക്ക് തിരിച്ചടി. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ ഉപഗ്രഹം വഹിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചു. തിങ്കളാഴ്ചയായിരുന്നു ഉത്തര കൊറിയയുടെ ഉപഗ്രഹ വിക്ഷേപണം.

ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ നാലു വര്‍ഷത്തിനു ശേഷം സോളില്‍ കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് തിങ്കളാഴ്ചത്തെ വിക്ഷേപണം പരാജയപ്പെട്ടത്

അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ചാര ഉപഗ്രഹം വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ തകര്‍ന്ന് വീഴുകയായിരുന്നു. റോക്കറ്റിലെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് പൊട്ടിത്തെറിച്ചത് എന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നത്.

ലിക്വിഡ് ഓക്സിജന്‍ പെട്രോളിയം എന്‍ജിന്‍ ആയിരുന്നു ഉപഗ്രഹം വിക്ഷേപിക്കാനായി തയാറാക്കിയ പുതിയ റോക്കറ്റില്‍ പരീക്ഷിച്ചിരുന്നത്. ഉപഗ്രഹം തകര്‍ന്നതില്‍ ഉത്തരകൊറിയ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉപഗ്രഹം തകര്‍ന്നു വീണത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളുടെ പങ്കും ഉത്തര കൊറിയ സംശയിക്കുന്നുണ്ട്.

2023 നവംബറില്‍ ആദ്യ ചാര ഉപഗ്രഹം ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചിരുന്നു. പദ്ധതി യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഉത്തരകൊറിയയുടെ പ്രധാന ശത്രുവായ ദക്ഷിണ കൊറിയന്‍ മേഖലകളില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഉപഗ്രഹത്തിലൂടെ ലഭിക്കുമെന്നും ഇത് സുരക്ഷാ ഭീഷണിയാകുമെന്നുമാണ് സോളിന്റെ ഭീതി. ഉപഗ്രഹ വിക്ഷേപണ നീക്കം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ഉപഗ്രഹ പദ്ധതിക്കായി ഉത്തര കൊറിയയ്ക്ക് റഷ്യന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നും സോള്‍ ആരോപിക്കുന്നു

ഉത്തരകൊറിയയുടെ രണ്ടാമത്തെ ചാര ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. മറ്റ് രാജ്യങ്ങളുടെ സൈനിക വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനായി ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഉത്തര കൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.