'സ്‌കൂളുകളില്‍ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം'; അമേരിക്കന്‍ സംസ്ഥാനത്ത് ക്ലാസ് മുറികളില്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം വരുന്നു

'സ്‌കൂളുകളില്‍ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം'; അമേരിക്കന്‍ സംസ്ഥാനത്ത് ക്ലാസ് മുറികളില്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം വരുന്നു

ലുയീസിയാന: അമേരിക്കന്‍ സംസ്ഥാനമായ ലുയിസിയാനയിലെ പബ്ലിക് സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് മുറികളില്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പൊതുവായി പ്രദര്‍ശിപ്പിക്കമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട ബില്‍ ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി കൂടി ഒപ്പിടുന്നതോടെ ഇത്തരമൊരു ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ലുയിസിയാന മാറും.

സംസ്ഥാന പ്രതിനിധി ഡോഡി ഹോര്‍ട്ടണ്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച്, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് മുറികളില്‍ പത്ത് കല്‍പ്പനകള്‍ പോസ്റ്ററായി ചുവരില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നു. 11 മുതല്‍ 14 ഇഞ്ച് വലിപ്പമുള്ള പോസ്റ്ററിലാണ് പത്ത് കല്‍പ്പനകള്‍ അച്ചടിക്കണ്ടത്. ഇത് എല്ലാ ക്ലാസ് മുറികളിലും എവിടെനിന്നും എളുപ്പം വായിക്കാവുന്ന വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. എലിമെന്ററി, സെക്കന്‍ഡറി, പോസ്റ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ബില്‍ ബാധകമാണ്.

ചൊവ്വാഴ്ച വൈകുന്നേരം 79-16 വോട്ടുകള്‍ക്കാണ് സ്റ്റേറ്റ് ഹൗസ് ബില്‍ പാസാക്കിയത്. ഡെമോക്രാറ്റുകള്‍ മാത്രമാണ് നിയമനിര്‍മ്മാണത്തിനെതിരെ വോട്ട് ചെയ്തത്. ഈ മാസം ആദ്യം തന്നെ ലുയിസിയാന സെനറ്റ് ബില്‍ പാസാക്കിയിരുന്നു. അതേസമയം, നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

ടെക്‌സാസ്, സൗത്ത് കരോലിന, യൂട്ട എന്നിവയുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ അടുത്തിടെ സമാനമായ നിയമനിര്‍മ്മാണത്തിനായി ശ്രമിച്ചിരുന്നു.

ലൂസിയാനയിലെ എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം പത്തു കല്‍പ്പനകളാണെന്ന് ഡോഡി ഹോര്‍ട്ടണ്‍ സഭയ്ക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു. 'ക്ലാസ് മുറികളില്‍ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആദ്യത്തെ സംസ്ഥാനം ലൂസിയാനയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു' - അവര്‍ പറഞ്ഞു. 'ഞാന്‍ കിന്റര്‍ഗാര്‍ട്ടനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പത്ത് കല്‍പനകള്‍ എല്ലായ്‌പ്പോഴും ചുവരില്‍ ഉണ്ടായിരുന്നു. ദൈവമുണ്ടെന്ന് താന്‍ തിരിച്ചറിയുന്നു, അവിടുത്തെ നിയമങ്ങളെ ബഹുമാനിക്കാന്‍ എനിക്കറിയാം' - ഡോഡി ഹോര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബില്ലിലെ നിര്‍ദേശങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.