ക്രിസ്തീയ സമൂഹങ്ങൾ ഒരുമിച്ച് നിന്ന് സാമൂഹിക തിന്മകൾക്കെതിരെ പോരാടണമെന്ന് മാർ ജോൺ പനംതോട്ടത്തിൽ

ക്രിസ്തീയ സമൂഹങ്ങൾ ഒരുമിച്ച് നിന്ന് സാമൂഹിക തിന്മകൾക്കെതിരെ പോരാടണമെന്ന് മാർ ജോൺ പനംതോട്ടത്തിൽ

ക്രിസ്തീയ സമൂഹങ്ങൾ ഒരുമിച്ച് നിന്ന് സാമൂഹിക തിന്മകൾക്കെതിരെ പോരാടേണ്ട സാഹചര്യം ഓസ്ട്രേലിയയിൽ അനിവാര്യമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ. ഓസ്ട്രേലിയ ഏറ്റവുമധികം സെക്കുലറായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. മതത്തിനും ദൈവത്തിനും വിശ്വാസ ജീവിതത്തിനും പുതിയ സാമൂഹിക ക്രമത്തിൽ പ്രാധാന്യമില്ലാതായിക്കൊണ്ടിരിക്കുന്നു. അത്യന്തം അപകടം പിടിച്ച ഈ സാഹചര്യത്തിൽ ക്രിസ്തീയ സമൂഹങ്ങൾ ഒന്നിച്ച് നിന്ന് സാമൂഹിക വിപത്തിനെതിരെ പോരാടണം.

മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മെത്രാനായി സ്ഥാനമേറ്റിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സീന്യൂസ് ലൈവിന് വേണ്ടി മാർ ജോൺ പനംതോട്ടത്തിലുമായി ഷെറിൽ വർ​ഗീസ് നടത്തിയ അഭിമുഖത്തിലാണ് അദേഹം ഇപ്രകാരം സംസാരിച്ചത്. മെത്രാഭിഷേകത്തിന്റെ ഒന്നാം വാർ‌ഷികം ആഘോഷിക്കുന്ന മെയ് 31 പിതാവിന്റെ ജന്മദിനം കൂടിയാണ് എന്ന സവിശേഷയതുമുണ്ട്.  'സാമൂഹിക തിന്മകളും ദൈവവിശ്വാസത്തിലെ കുറവും പുതിയ തലമുറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്'.

ഷെറിൽ വർ​ഗീസ് മാർ ജോൺ പനംതോട്ടത്തിലിനൊപ്പം

ഓസ്ട്രേലിയയിൽ സീറോ മലബാർ സഭ ഒരു ഊർജസ്വല കുടിയേറ്റ സമൂഹമാണെന്ന് അടുത്തിടെ പുറത്തിറക്കിയ എൻസിപിആർ (National Centre for Pastoral Research) റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആ റിപ്പോർട്ട് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കാതലിക് ന്യൂസ് ഏജൻസി പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് ശ്രദ്ധേയമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സീറോ മലബാർ സഭയുടെ സാന്നിധ്യം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. നമ്മളെ ദൈവം ഏൽപ്പിച്ച വിശ്വാസ ജീവിതം മുന്നോട്ടുകൊണ്ടു പോവുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ ദൗത്യം. അതിൽ ഒരു വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ട് കൊണ്ടുപോകുമ്പോൾ ഈ ഓസ്ട്രേലിയൻ മണ്ണിൽ അതൊരു ചലനത്തിന് കാരണമാകുമെന്നും മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.

ഇന്റർവ്യൂവിന്റെ പൂർണ്ണരൂപം

മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത സ്ഥാപിതമായിട്ട് 10 വർഷം പൂർത്തിയാകുന്നു. രൂപത അധ്യക്ഷനായിട്ട് പിതാവ് സ്ഥനമേറ്റെടുത്തിട്ട് ഒരു വർഷവും. കഴിഞ്ഞ ഒരു വർഷത്തിനിടെ ദൈവകൃപയാൽ‌ നമ്മുടെ രൂപതയ്ക്ക് കൈവരിക്കാനായ നേട്ടങ്ങൾ ഒന്ന് വിവരിക്കാമോ?

കഴിഞ്ഞ 10 വർഷങ്ങളിലൂടെ മെൽബൺ രൂപത മുന്നോട്ടു പോകുമ്പോൾ ദൈവത്തിന്റെ കൃപ മാത്രമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ സീറോ മലബാർ സഭ മക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. മാർ ബോസ്കോ പുത്തൂർ പിതാവ് സ്ഥാനമേറ്റത് മുതൽ വലിയൊരു മാറ്റം നമ്മുടെ രൂപതയിൽ ഉണ്ടായി. ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ചിതറിക്കിടന്നിരുന്ന നമ്മുടെ സഭാമക്കളെ 55 ഓളം സമൂഹങ്ങളാക്കി മാറ്റുകയും നാല് ഫൊറോനകളാക്കി തിരിക്കുകയും ചെയ്തു.

കൂടാതെ 40 ഓളം വൈദികരെ ഇതിന് നേതൃത്വം കൊടുക്കാൻ ക്ഷണിച്ചു. പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് വലിയൊരു നേട്ടമായിട്ട് ഞാൻ കരുതുന്നത്. തീർച്ചയായിട്ടും ഈ ഒരു അവസരത്തിൽ ബോസ്കോ പിതാവിനെ നന്ദിയോടെ ഓർക്കുന്നു.

കഴിഞ്ഞ ഒരു വർഷം രൂപതയുടെ പരിപാലന രം​ഗത്ത് അഭിമുഖികരീക്കേണ്ടി വന്ന പ്രധാനപ്പെട്ട പ്രതിസന്ധികൾ എന്തെല്ലാമാണ്?

കഴിഞ്ഞ ഒരു വർഷം രൂപതയുടെ പരിപാലന രം​ഗത്ത് അഭിമുഖികരീക്കേണ്ടി വന്ന പ്രധാനപ്പെട്ട പ്രതിസന്ധിയെന്ന് പറയുന്നത് ദൂരമാണ്. ഒരു ദിക്കിൽ നിന്ന് മറ്റൊരു ദിക്കിലേക്ക് എത്തിപ്പെടുകയെന്നത് പ്രാക്ടിക്കലായി കുറച്ച് ബുദ്ധിമുട്ടാണ്. ആരാധന നടത്താനും വേദപാഠം പഠിക്കാനുമുള്ള ശരിയായ സൗകര്യങ്ങളില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതൊക്കെ സാവധാനം മാറ്റിയെടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

കുറഞ്ഞത് അടുത്ത അഞ്ച് വർഷത്തേക്ക് നമ്മുടെ രൂപതയിൽ നടപ്പിലാക്കാൻ ഉദ്ധേശിക്കുന്ന പദ്ധതികൾ ഒന്ന് വിശദമാക്കാമോ?

ഒരു രൂപത അധ്യക്ഷന്റെ ഏറ്റവും വലിയ ധർമം അദേഹത്തെ ഭരമേൽപ്പിച്ചിരിക്കുന്ന ജനത്തിന്റെ ആത്മീയ കാര്യങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുക എന്നതാണ്. നമ്മുടേത് വളർന്നു വരുന്ന ഒരു സമൂഹമാണ്. അടിസ്ഥാനപരമായി അവരുടെ ആത്മീയത ആഴപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. അതിനായിട്ട് അവരെ സന്ദർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്നതാണ് തന്റെ പരമപ്രധാനമായ ദൗത്യം.

ഒരു വർഷം കൊണ്ട് രൂപതയിലെ വിശ്വാസി സമൂഹവുമായി പ്രത്യേകിച്ച് അത്മായരുമായും വൈദികരുമായും എത്രമാത്രം ബന്ധം സ്ഥാപിക്കാൻ പിതാവിന് സാധിച്ചിട്ടുണ്ട്?

ഒരു വർഷത്തിനിടെ ഒട്ടുമിക്ക എല്ല സമൂഹങ്ങളിലും സന്ദർശനം നടത്താൻ സാധിച്ചു. സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവമാണ് ഉണ്ടായിരുന്നത്. ഒരു പിതാവ് എന്ന നിലയിലപരി സ്വന്തം സഹോദര​ങ്ങളെ കാണാൻ പോകുന്ന ഒരു അടുപ്പത്തോടുകൂടിയാണ് അവിടെ പോയതും അവരോട് സംഭാഷണം നടത്തിയതും അവരെ ശ്രവിച്ചതും. അവരെന്നോടു കാണിച്ച സ്നേഹവും കരുതലും വലിയൊരു കാര്യമായി കാണുന്നു.

ഓസ്ട്രേലിയയിലെ സീറോ മലബാർ സമൂഹം അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കുടുംബ പ്രാർത്ഥനയിൽ വിട്ടുവീഴ്ച കാണിച്ചെങ്കിൽ അത് നമ്മുടെ തലമുറയെ കാര്യമായി ബാധിക്കും. ആഴ്ചയിലൊരു ദിവസം ദേവാലയത്തിൽ വന്നതുകൊണ്ടോ കാറ്റിക്കിസത്തിൽ പങ്കെടുത്തതുകൊണ്ടോ മാറ്റമുണ്ടാകില്ല. മറിച്ച് നമ്മുടെ സീറോ മലബാർ പാരമ്പര്യം അനുസരിച്ച് ഓരോ കുടുംബങ്ങളിലുമാണ് പ്രാർത്ഥനയുടെയും ആത്മീയ ജീവിതത്തിന്റെയും അടിസ്ഥാനം വരുന്നത്. അതിനെ പരിപോഷിപ്പിക്കുകയാണ് ദേവാലയങ്ങളിൽ ചെയ്യുന്നത്. പ്രാർത്ഥനയാണ് നാം പലപ്പോഴും ജോലിതിരക്കിനിടയിൽ വേണ്ട എന്ന് വെക്കുന്നത്. അതു പോലെ കുടുംബാം​ഗങ്ങൾ തമ്മിലുള്ള സംഭാഷണം. ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ഈ ലോകത്തിന് അടിമപ്പെട്ട് പോകും. കുടുംബങ്ങളിലെ കൂട്ടായ്മയും പ്രാർത്ഥനയും നാം വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

നമ്മുടെ യുവജനസംഘടനകളുടെ പ്രവർത്തനം ആത്മീയതലത്തിനുമപ്പുറം സാമൂഹീക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലേക്ക് വ്യാപിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പിതാവ് ഒന്ന് വിശദമാക്കാമോ?

നമ്മുടെ യൂത്ത് മൂവ്മെന്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട്. പക്ഷെ ഒരു ആത്മീയ ലെവലിലിനോടൊപ്പം തന്നെ സാമൂഹിക രാഷ്ട്രീയ മേഖലകളിലും നമ്മുടെ യുവജനങ്ങൾ മുന്നോട്ടുവരേണ്ടതുണ്ട്. വളരുന്ന ഈ സമൂഹത്തിൽ അതിനൊരു സ്കോപ്പ് ഉണ്ടെന്ന് വിശ്വിസിക്കുന്നു.