ഏഷ്യയിലെ ഏറ്റവും വലിയ സൈനിക, വ്യോമ പ്രദര്‍ശനത്തിന് ബംഗളൂരുവിൽ തുടക്കമായി

ഏഷ്യയിലെ ഏറ്റവും വലിയ സൈനിക, വ്യോമ പ്രദര്‍ശനത്തിന്  ബംഗളൂരുവിൽ തുടക്കമായി

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ സൈനിക വ്യോമ പ്രദര്‍ശനത്തിന് വേദിയായി ബംഗളൂരു. എയ്‌റോ ഇന്ത്യ 2021 ന് ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഇന്ന് തുടക്കമായി. രാവിലെ 9:30 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമപ്രദര്‍ശനം ഉദ്ഘാടനം ചെയ്യ്തു. തുടര്‍ന്ന് രാജ്യത്തിന്റെ ആകാശക്കരുത്ത് കാട്ടി പോര്‍വിമാനങ്ങളുടെ പ്രദര്‍ശനം. ഫെബ്രുവരി അഞ്ച് വരെയാണ് പരിപാടി.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഇക്കുറി പകിട്ട് കുറവാണെങ്കിലും പ്രതിരോധ നിക്ഷേപ മേഖലയില്‍ ആത്മവിശ്വാസം പകരുന്നതാകും പരിപാടി. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമന്ന് നിര്‍ദ്ദേശിച്ചിരുന്നു.

കൊറോണ വ്യാപനം വിദേശ കമ്പനികളുടെ പ്രാതിനിധ്യം കുറച്ചിട്ടുണ്ട്. എന്നാൽ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള കേന്ദ്രസർക്കാർ പദ്ധതികളിലൂടെ പ്രതിരോധ ഉപകരണ നിർമാണ മേഖലയിൽ കൂടുതൽ സാന്നിധ്യം അറിയിച്ച ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് തുടങ്ങിയവയുടെ സാന്നിധ്യം ശ്രദ്ധേയമാകും.

വിമാനങ്ങളുടെ പ്രദർശനത്തിൽ വ്യോമസേനയുടെ ആധിപത്യമാകും ദൃശ്യമാകുക. സേനാ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടാനും അടുത്തറിയാനുമുളള വേദി കൂടിയാണ് എയ്‌റോ ഇന്ത്യ. ഏകദേശം അറുനൂറോളം കമ്പനികൾ അവരുടെ ഉപകരണങ്ങൾ എയ്‌റോ ഇന്ത്യയിൽ പ്രദർശിപ്പിക്കും. ഇതിൽ 78 എണ്ണം വിദേശ കമ്പനികളാണ്. റഫേലിന്റെ നിർമ്മാതാക്കളായ ദെസ്സോ, പ്രമുഖ കമ്പനികളായ ബോയിംഗ് , ലോക്ക് ഹീഡ് മാർട്ടിൻ തുടങ്ങിയവ വ്യോമ പ്രദർശനത്തിൽ പങ്കെടുക്കും.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ പിൻബലത്തിൽ വികസിപ്പിച്ച 30 ഓളം ഉൽപ്പന്നങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കുമെന്ന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങൾക്കുളള ആശയവിനിമയ, ലേസർ അധിഷ്ഠിത ഉപകരണങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടും. ബഹിരാകാശ, ഉപഗ്രഹ, സ്‌പെയ്‌സ് ആപ്ലിക്കേഷൻ ഉപകരണങ്ങളും കമ്പനി അണിനിരത്തുന്നുണ്ട്. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും ലൈറ്റ് കോംപാക്ട് ഹെലികോപ്ടറുകളുമാകും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് അവതരിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.