മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11ന്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11ന്

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാകേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് കോടതിയാണ് വിധിച്ചത്. ഓരോ കേസിനും നാല് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂലൈ 11നാണ് ശിക്ഷാവിധി.

പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസിലാണ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി വാദം കേട്ടതിന് ശേഷമാണ് വിധി വന്നത്.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണ് പോകുന്നതെന്നും വിധിക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്നും അഞ്ച് മാസങ്ങള്‍ക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിധി വരുമെന്നും ട്രംപ് പറഞ്ഞു.

സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തു വരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി. രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് ഉള്‍പ്പെടെയുള്ള വകുപ്പുകളും വഞ്ചനാ കുറ്റങ്ങളും ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ ഹര്‍ജി നേരത്തെ ന്യൂയോര്‍ക്ക് കോടതി തള്ളിയിരുന്നു. കേസില്‍ മാര്‍ച്ച് 25നാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലെത്തി അറസ്റ്റ് വരിച്ചിരുന്നു. യു.എസില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതും അറസ്റ്റിലാകുന്നതും.

യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപിനെതിരെ കോടതി വിധി. നവംബര്‍ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരായ സ്റ്റോമി, 2006-ല്‍ ഗോള്‍ഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറഞ്ഞിരുന്നു. അന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് സ്റ്റോമി നല്‍കിയ മൊഴി.

തന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങാതിരിക്കാനാണ് 1.30 ലക്ഷം ഡോളര്‍ നല്‍കിയതെന്നും സ്റ്റോമി കോടതിയെ അറിയിച്ചു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കല്‍കൂടി ഏറ്റുമുട്ടാനിരിക്കേയാണ് വിധി വന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.