ലോകത്തിൽ ഏറ്റവും കൂടുതൽ തർജ്ജമ ചെയ്യപ്പെട്ട പരമ്പരയെന്ന പദവിയിലേക്ക് 'ദി ചോസൺ'; നാലാം സീസൺ ഞായറാഴ്ച മുതൽ‌

ലോകത്തിൽ ഏറ്റവും കൂടുതൽ തർജ്ജമ ചെയ്യപ്പെട്ട പരമ്പരയെന്ന പദവിയിലേക്ക് 'ദി ചോസൺ'; നാലാം സീസൺ ഞായറാഴ്ച മുതൽ‌

വാഷിങ്ടൺ ഡിസി: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈയടി നേടിയ ജനപ്രിയ ബൈബിൾ ടെലിവിഷൻ പരമ്പരയായ 'ദി ചോസൺ'ന്റെ നാലാം സീസൺ ചോസൺ ആപ്പിലും ഷോയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കും. ജൂൺ രണ്ട് ഞായറാഴ്‌ച വൈകുന്നേരം ഏഴ് മണിക്ക് ആദ്യ എപ്പിസോഡും ജൂൺ ആറ് വ്യാഴാഴ്ച രാത്രി 8. 30 ന് രണ്ടാം എപ്പിസോഡും പുറത്തുവിടും. തുടർന്നുള്ള ഞായർ വ്യാഴം ദിവസങ്ങളിലായി ബാക്കി ഭാ​ഗവും സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

അതേ സമയം നിയമപരമായ കാരണങ്ങളാൽ സീസൺ 5 ന്റെ റിലീസ് വൈകുമെന്ന് ഷോയുടെ നിർമാതാവും സംവിധായകനും സഹ-എഴുത്തുകാരനുമായ ഡാളസ് ജെങ്കിൻസ് പറഞ്ഞു. ഏഞ്ചൽ സ്റ്റുഡിയോസ് നടപ്പാക്കിയ ക്രൗഡ് ഫണ്ടിങ് വഴി മുതൽ മുടക്കിന്റെ പകുതി ഏകദേശം 40% മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ജെങ്കിൻസ് പറഞ്ഞു. പരമ്പരക്കായി ഒരു കമ്പനി രൂപീകരിക്കുകയും 65 ലധികം മുഴുവൻ സമയ ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. അഭിനേതാക്കൾക്ക് പണം നൽകാനും മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ നടത്താനും വൻ തുക ആവശ്യമാണ്. തങ്ങളുമായുള്ള കരാർ ഏഞ്ചൽ സ്റ്റുഡിയോസ് നിരവധി തവണ ലംഘിച്ചതിനെ തുടർന്ന് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും ജെങ്കിൻസ് വിശദീകരിച്ചു.

സീസൺ 4-ൻ്റെ റിലീസിന് കാലതാമസം നേരിട്ടെങ്കിലും ഹോളി വീക്കിൽ നടന്ന സംഭവങ്ങൾ പ്രതിപാദിക്കുന്ന സീസൺ 5ൻ്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. മൂന്നാഴ്‌ചയായി പ്രതിദിനം 600-ലധികം ആളുകൾ ഇതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ട്. വളരെ പ്രധാനപ്പെട്ട പല രം​ഗങ്ങളും ഇതിനോടകം ചിത്രീകരിച്ച് കഴിഞ്ഞു. ഇത് വളരെയധികം സ്വാധീനം ചെലുത്തുന്ന സീസണായിരിക്കും. ചിത്രീകരണ സമയത്ത് പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടെന്നും ജെങ്കിൻസ് പറഞ്ഞു.

ക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടവനാണെന്നും അതേപോലെ യഹൂദ ജനതയും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും തന്നെ പിന്തുടരാൻ വേണ്ടി ക്രിസ്തു തെരഞ്ഞെടുത്ത ആളുകളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ചിന്തയാണ് പരമ്പരയ്ക്ക് ദി ചോസൺ എന്ന് പേരിടാൻ കാരണമായതെന്ന് ജെങ്കിൻസ് പങ്കുവെച്ചു.

'ജീവിതം മാറ്റിമറിച്ച കഥാപാത്രം' എന്നാണ് പരമ്പരയിലെ തന്റെ വേഷത്തെ ജോനാഥൻ വിശേഷിപ്പിക്കുന്നത്. ബൈബിളിലെ കഥകളുടെ ആത്മാവ് നിലനിർത്തിക്കൊണ്ടുതന്നെ കഥാപാത്രങ്ങളെ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ.

പൂർണമായും ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച ദി ചോസൺ ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ടിട്ടുള്ള പരമ്പരകളിൽ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തിൽ ഏറ്റവുമധികം തർജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് 'ദി ചോസൺ' ഇപ്പോൾ. അൻപതോളം ഭാഷകളിൽ ഈ പരമ്പര തർജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളിൽ സബ്‌ടൈറ്റിൽ ലഭ്യമാക്കുവാനും അണിയറക്കാർക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുൻ സീരിസുകൾ എല്ലാം തന്നെ ഹിറ്റായതിനാൽ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.