ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയ സുതാര്യവും സുരക്ഷിതവുമായി പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചു. രാവിടെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിതുടങ്ങുക.
കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഓരോ ഹാൾ ഉണ്ടായിരിക്കും. ഓരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും ഇത്. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്ക് ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടി.
മൂന്ന് ഘട്ട റാൻഡമൈസേഷൻ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ആദ്യഘട്ടം മെയ് 17 ന് പൂർത്തിയായിരുന്നു. രണ്ടാം റാൻഡമൈസേഷനും മൂന്നാം റാൻഡമൈസേഷനും ജൂൺ മൂന്നിന് രാവിലെ എട്ട് മണിക്കും ജൂൺ നാലിന് രാവിലെ അഞ്ച് മണിക്കും നടക്കും. രണ്ടാം ഘട്ടം റാൻഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണൽ ദിനം പുലർച്ചെ അഞ്ച് മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാൻഡമൈസേഷനിലാണ് വോട്ടെണ്ണൽ മേശയുടെ വിശദാംശങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.