കാലിഫോര്‍ണിയ: പോലീസുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഔദ്യോഗിക ചടങ്ങുകളുടെ സമാപന പ്രാര്‍ത്ഥനയില്‍ 'യേശുവിന്റെ നാമം' ഉപയോഗിക്കുന്നത് വിലക്കിയ അമരിക്കന്‍ സിറ്റി കൗണ്‍സിലിന്റെ നടപടി വിവാദത്തില്‍. കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡ് സിറ്റി മാനേജരുടെ നടപടിയാണ് വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നതെന്ന് 'വാഷിങ്ടണ്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
കാള്‍സ്ബാഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അവാര്‍ഡ് ദാന ചടങ്ങിന്റെ അവസാനം പ്രാര്‍ത്ഥനയ്ക്കായി പോലീസ് മേധാവി ആവശ്യപ്പെട്ടപ്പോള്‍, പോലീസ് ചാപ്ലെയിന്‍ പാസ്റ്റര്‍ ജെസി കൂപ്പര്‍ 'യേശുവിന്റെ നാമത്തിലാണ്' പ്രാര്‍ത്ഥന ഉപസംഹരിച്ചത്. അതിനു പിന്നാലെയാണ് നഗരസഭാ മാനേജര്‍ ഔദ്യോഗിക പരിപാടികളില്‍ യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതു വേണ്ടെന്ന് കാട്ടി പോലീസ് ചാപ്ലെയിന് കത്ത് നല്‍കിയത്.
ആറു വര്‍ഷമായി കാള്‍സ്ബാഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വോളണ്ടിയര്‍ ചാപ്ലെയിനായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നയാളാണ് പാസ്റ്റര്‍ ജെസി കൂപ്പര്‍. അദ്ദേഹത്തിന്റെ പിതാവ് ഡെന്നി കൂപ്പര്‍ 12 വര്‍ഷമായി ഫയര്‍ ഫോഴ്‌സില്‍ ചാപ്ലെയിനായി സേവനം അനുഷ്ഠിക്കുന്നു. പ്രസംഗങ്ങളില്‍ നിന്ന് യേശുവിന്റെ നാമത്തില്‍ എന്നത് ഉപേക്ഷിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നാണ് രണ്ടു പാസ്റ്റര്‍മാര്‍ക്കും നല്‍കിയ കത്തില്‍ നഗരസഭ മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. യേശു എന്നതിനു പകരം പൊതുവായി ദൈവത്തെ സൂചിപ്പിക്കാന്‍ മറ്റേതെങ്കിലും നാമം ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത്തരമൊരു അസാധാരണ നടപടിയില്‍ പകച്ചുനില്‍ക്കുകയാണ് ജെസി കൂപ്പറും പിതാവ് ഡെന്നി കൂപ്പറും. വര്‍ഷങ്ങളായി തുടരുന്ന അമേരിക്കന്‍ പാരമ്പര്യം ഒറ്റയടിക്ക് നിര്‍ത്താനുള്ള നഗരസഭാ മാനേജറുടെ വിവാദ ഉത്തരവില്‍ പ്രതിഷേധം ശക്തമാണ്.
യേശുവിന്റെ നാമം ഉപയോഗിക്കുന്നത് ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും
ഒരു മതത്തിന് മുന്‍തൂക്കം നല്‍കുമെന്നുമുള്ള വിചിത്ര വാദമാണ് നഗരസഭ മാനേജര്‍ സ്‌കോട്ട് ചാഡ്വിക്ക് പറയുന്നത്.
അതേസമയം, മത സ്വാതന്ത്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന നിയമ സംഘടനയായ ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്റ്റര്‍മാര്‍ക്കു വേണ്ടി രംഗത്തുവന്നു. പൊതു പരിപാടികളിലെ പ്രാര്‍ത്ഥനകളില്‍ നിന്നും 'യേശുവിന്റെ നാമം' നീക്കാനുള്ള കാലിഫോര്‍ണിയ സിറ്റി മാനേജരുടെ ശ്രമം ഭരണഘടനാ വിരുദ്ധമാണെന്ന്് ഇന്‍സ്റ്റിറ്റ്യൂട്ട് അറ്റോര്‍ണി കെയ്‌ല ടോണി പറയുന്നു. കാള്‍സ്ബാഡ് നഗരം യുഎസ് ഭരണഘടന ലംഘിച്ചുവെന്ന് അവര്‍ വാദിക്കുന്നു.
'യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് ചാപ്ലെയിന്‍മാരെ വിലക്കാനുള്ള കൗണ്‍സില്‍ മാനേജരുടെ തീരുമാനം രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും വഞ്ചിക്കുന്നതാണ്. ചാപ്ലിന്‍മാരുടെ പ്രാര്‍ത്ഥനകള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ സിറ്റി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിക്കുന്നു - ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു
അതേസമയം, സിറ്റി മാനേജരുടെ വിവാദ ഉത്തരവ് മേയറോ സിറ്റി കൗണ്‍സിലോ അംഗീകരിച്ചതായി തോന്നുന്നില്ലെന്ന് കെയ്‌ല ടോണി പറഞ്ഞു. ഈ ഉത്തരവ് മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തകരായി വര്‍ഷങ്ങളായി സേവനം ചെയ്യുന്ന ചാപ്ലെയിന്‍മാരെ ശരിക്കും വേദനിപ്പിച്ചു. അവരുടെ സേവനത്തെയും ശുശ്രൂഷയെയും നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാ സേനാംഗങ്ങളും എത്രമാത്രം വിലമതിക്കുന്നുവെന്നത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെയ്‌ല ടോണി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.