ചര്‍ച്ചകളില്‍ കല്ലുകടി; തീരുമാനം വൈകുന്നു: മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ചത്തേക്ക് മാറ്റിയതായി സൂചന

ചര്‍ച്ചകളില്‍ കല്ലുകടി; തീരുമാനം വൈകുന്നു: മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ചത്തേക്ക് മാറ്റിയതായി സൂചന

ന്യൂഡല്‍ഹി: ഘടക കക്ഷികളുമായുള്ള ചര്‍ച്ചകളില്‍ മന്ത്രിസ്ഥാനം സംബന്ധിച്ചും മറ്റും തീരുമാനമാകാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന. ശനിയാഴ്ച നടത്താനിരുന്ന പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റിയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ഒമ്പതിന് അധികാരമേല്‍ക്കാനിരുന്ന ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തിയതിയും മാറ്റി. ജൂണ്‍ 12നാണ് നായിഡുവിന്റെ ചടങ്ങ് നടക്കുക.

ഇതിനിടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും ഘടകക്ഷികളുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം, ബിജെപി മന്ത്രിമാര്‍ ആരൊക്കെ തുടങ്ങിയവയിലേക്ക് ബിജെപി പൂര്‍ണമായും ചര്‍ച്ച കേന്ദ്രീകരിച്ചു കഴിഞ്ഞു.

ലോക്സഭാ ഫലം വരും മുന്‍പ് വിവിധ വകുപ്പുകള്‍ ഏകീകരിച്ച് മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ബിജെപി ആലോചിച്ചിരുന്നു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യം മുതലാക്കി ജെഡിയു, ടിഡിപി, തുടങ്ങിയ പാര്‍ട്ടികള്‍ കൂടുതല്‍ പദവികള്‍ക്കായി രംഗത്തുള്ളതിനാല്‍ മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാനിടയില്ല.

ഉഭയഭയകക്ഷി ചര്‍ച്ചകളില്‍ ജെഡിയു, ടിഡിപി എന്നീ പാര്‍ട്ടികളെ അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും ലോക്സഭാ സ്പീക്കര്‍ സ്ഥാനം, കേന്ദ്ര മന്ത്രി, സഹമന്ത്രി എന്നിവ ഉള്‍പ്പെടെ ആറ് സ്ഥാനങ്ങളും ടിഡിപി ആവശ്യപ്പെട്ടെന്നാണ് ഇപ്പോള്‍ വിവരം. കൃഷി, വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ ടിഡിപിക്ക് നോട്ടമുണ്ട്.

സ്പീക്കര്‍ സ്ഥാനത്തിന് ജെഡിയുവിനും ആഗ്രഹമുണ്ട്. സഹമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വരെ വേണമെന്ന നിലപാടിലാണ് അവര്‍. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിംഗ് എന്നിവര്‍ക്കാണ് ചുമതല.

ബിജെപിയില്‍ നിന്ന് മന്ത്രിസഭയിലേക്ക് ആരൊക്കെ എന്നതിലും വൈകാതെ തീരുമാനമാകും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി മന്ത്രി സ്ഥാനം എതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും തുടരുമോ എന്നതാണ് നിര്‍ണായക ചോദ്യം.

സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ ബിജെപിയുടെ പ്രധാന വനിതാ മുഖങ്ങള്‍ തോറ്റതോടെ നിര്‍മ്മല സീതാരാമന്‍ മന്ത്രിസഭയില്‍ ഇടം പിടിക്കാനുള്ള സാധ്യത വര്‍ധിച്ചു. നിര്‍മ്മലയെ പാര്‍ട്ടി സംഘടന രംഗത്തേക്ക് കൊണ്ടുവരാനും ചര്‍ച്ച സജീവമാണ്. ആര്‍എസ്എസിന് പ്രിയപ്പെട്ട നിതിന്‍ ഗഡ്കരി സുപ്രധാന വകുപ്പിലേക്ക് വീണ്ടുമെത്തും.

മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിങ്് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ പ്രധാന വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കപ്പെടും. ബിജെപി അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ജെ.പി നഡ്ഡ പാര്‍ലമെന്ററി രംഗത്തെ നിര്‍ണായക ചുമതല ഏറ്റെടുക്കുമെന്നും അറിയുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള എംപിമാര്‍ക്ക് ഇത്തവണ മന്ത്രി സഭയില്‍ കൂടുതല്‍ പരിഗണന ലഭിക്കാനാണ് സാധ്യത.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.