വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ പ്രാർത്ഥന നിയോഗങ്ങളെപ്പറ്റി കേട്ടിട്ടുണ്ട് നാം. പ്രത്യേകിച്ച് ദണ്ഡ വിമോചനം പ്രഖ്യാപിക്കുന്ന അവസരങ്ങളിൽ മാർപാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പാപ്പാ ആവശ്യപ്പെടാറുണ്ട്. ഇതിന് മുൻപ് പലരും ചോദിച്ചിട്ടുണ്ട് പാപ്പായുടെ നിയോഗം എന്താണെന്ന്. പാപ്പായുടെ ഈ വർഷത്തെ നിയോഗങ്ങൾ എന്താണെന്ന് നോക്കുന്നതിന് മുൻപ് ഫെബ്രുവരി മാസത്തെ നിയോഗത്തെപ്പറ്റി പാപ്പാതന്നെ പങ്കുവയ്ക്കുന്നത് എന്താണെന്ന് നോക്കാം.
ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം വിവിധതരം അക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്നുള്ളതാണ്. "മനുഷ്യരാശിയുടെ അധപതനം" എന്നാണ് സ്ത്രീകളോടുള്ള ആക്രമണത്തെ പാപ്പാ വിശേഷിപ്പിച്ചത് .
മാർപ്പാപ്പയുടെ ലോകമെമ്പാടുമുള്ള പ്രാർത്ഥന ശൃംഖലയിലൂടെ മുഴുവൻ കത്തോലിക്കാസഭയെയും ഈ നിയോഗം ഏൽപ്പിക്കുന്നു എന്ന് പാപ്പാ പറഞ്ഞു. ദിനംപ്രതി ദശലക്ഷക്കണക്കിന് സ്ത്രീകൾ അനുഭവിക്കുന്ന അക്രമത്തിനെതിരായ ശക്തമായ സന്ദേശമാണിത്: “മാനസികമായും വൈകാരികമായും ശാരീരികമായും ലൈംഗികമായുമുള്ള അതിക്രമ"ത്തിനെതിരായ സന്ദേശം. ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായത്തിൽ, ഈ ദുരുപയോഗങ്ങൾ “ഭീരുത്വവും മനുഷ്യരാശിയുടെ അപചയവുമാണ്.” തന്മൂലം ഈ പീഡനത്തിനിരായകുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ നമ്മോട് ആവശ്യപ്പെടുന്നു, “അവരെ സമൂഹം സംരക്ഷിക്കുകയും അവരുടെ കഷ്ടപ്പാടുകൾ എല്ലാവരും പരിഗണിക്കുകയും ശ്രദ്ധിക്കുകയും ചെയ്യട്ടെ.”പീഡനത്തിന് ഇരയാകുന്ന സ്ത്രീകളെ സംരക്ഷിക്കാൻ മാർപ്പാപ്പ തന്റെ സന്ദേശത്തിൽ സമൂഹത്തോട് ആവശ്യപ്പെട്ടു.
ഈ മാസത്തെ പ്രാർത്ഥനാ നിയോഗ സന്ദേശത്തിൽ മാർപാപ്പ ഒരു അനിമേഷൻ വീഡിയോ പങ്കുവച്ചു. അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ആനിമേഷൻ ഡിസൈനറായ ഇറ്റാലിയൻ പ്രൊഫസർ ഹെർമിസ് മംഗിയാലാർഡോയാണ് വീഡിയോ ആനിമേഷൻ നടത്തിയിരിക്കുന്നത് . അക്രമത്തിന് ഇരയായ ഒരു സ്ത്രീയുടെ കഥയാണ് അനിമേഷൻ വിഡിയോയിൽകൂടി ചിത്രീകരിച്ചിരിക്കുന്നത്. ദുരുപയോഗിക്കപ്പെട്ടു പീഡനത്തിനിരയായ ആ സ്ത്രീ ധൈര്യസമേതം സ്വയം രക്ഷപ്പെടുന്നതാണ് വിഡിയോയുടെ ഇതിവൃത്തം. മാർപാപ്പ പങ്കുവച്ച ആ വീഡിയോ താഴെ കാണാം .
ഇനി മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും നിയോഗങ്ങൾ എന്താണെന്ന് നോക്കാം.
ജനുവരി 2021
മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.
ഫെബ്രുവരി 2021
സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.
മാർച്ച് 2021
അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏപ്രിൽ 2021
മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.
മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.
ജൂൺ 2021
വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം
ജൂലൈ 2021
സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.
ഓഗസ്റ്റ് 2021
സഭ:സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട് കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.
സെപ്റ്റംബർ 2021
പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.
ഒക്ടോബർ 2021
മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട് , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.
നവംബർ 2021
വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
ഡിസംബർ 2021
വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26