വിദേശപാര്യടനത്തിനുള്ള മുന്നൊരുക്കം; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവ്യബലി ഉണ്ടാവില്ല

വിദേശപാര്യടനത്തിനുള്ള മുന്നൊരുക്കം; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവ്യബലി ഉണ്ടാവില്ല

വത്തിക്കാന്‍ സിറ്റി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ എട്ടാഴ്ചകളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവബലിയുണ്ടാവില്ല എന്ന് വ്യക്തമാക്കി മാസ്റ്റര്‍ ഓഫ് പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെര്‍മണീസിന്റെ ഔദ്യോഗിക ഷെഡ്യൂള്‍. ജൂലൈ എട്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് പൊതുവേദിയിലുള്ള ദിവ്യബലിയര്‍പ്പണത്തില്‍ നിന്ന് പാപ്പ വിട്ടുനില്‍ക്കുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ പാപ്പ നടത്തുന്ന രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന വിദേശപാര്യടനത്തിന് മുന്നോടിയായാണ് എട്ടാഴ്ചയോളം പൊതു പ്രാര്‍ത്ഥനാചടങ്ങുകളില്‍ നിന്ന് പാപ്പ വിട്ടു നില്‍ക്കുക. മുന്‍ വര്‍ഷങ്ങളിലും ജൂലൈ മാസത്തില്‍ പൊതുദര്‍ശന പരിപാടികള്‍ പാപ്പ ഒഴിവാക്കിയിരുന്നു. ഇന്തൊനേഷ്യ, പപ്പുവ ന്യൂ ഗനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് പാപ്പ സെപ്റ്റംബര്‍ മാസത്തില്‍ സന്ദര്‍ശിക്കുന്നത്.

വിശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ജൂണ്‍ 29 പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും. കാര്‍ലോ അക്യുറ്റിസ്, ഗിയുസപ്പെ അല്‍മാനോ, മേരി ലിയോനി പാരാഡിസ്, എലേന ഗുയേര, ഡമാസ്‌കസിലെ രക്തസാക്ഷികള്‍ എന്നിവരുടെ വിശുദ്ധ പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ജൂലൈ ഒന്നിന് കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയും പാപ്പ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കൂടാതെ വടക്കന്‍ ഇറ്റാലിയന്‍ നഗരമായ ‘ട്രിയസ്റ്റയിലും ജൂലൈ ഏഴാം തിയതി പാപ്പ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. ഞായറാഴ്ചകളില്‍ പാപ്പ നേതൃത്വം നല്‍കുന്ന ത്രികാലജപ പ്രാര്‍ത്ഥനകള്‍ക്ക് മുടക്കമുണ്ടാകില്ല എന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.