ഫ്രാൻസിൽ‌ പാർലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഫ്രാൻസിൽ‌ പാർലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരിസ് : രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പാരിസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാന്‍സില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂണ്‍30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്നും പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ മാക്രോണ്‍ പറഞ്ഞു. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകൾ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മാക്രോൺ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.

നാഷണല്‍ റാലിയുടെ 28 കാരനായ നേതാവ് ജോർദാൻ ബാർഡെല്ല, പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡൻ്റായി രണ്ടാം ടേമില്‍ രണ്ട് വർഷം മാത്രം തികയുന്ന മാക്രോണിന് നിലവില്‍ ഫ്രഞ്ച് പാർലമെൻ്റിൽ ഭൂരിപക്ഷമില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണ സംവിധാനത്തിന് ഭീഷണിയല്ലെങ്കിലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസത്തെ ബാധിക്കും.

ഞങ്ങൾ വോട്ടെടുപ്പിന് തയ്യാറാണെന്നും രാജ്യത്തിനകത്തേക്കുള്ള കൂട്ടകുടിയേറ്റം അവസാനിപ്പിക്കുമെന്നും മറൈൻ ലെ പെന്‍ വ്യക്തമാക്കി. നേരത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മാക്രോണിനോട് രണ്ട് തവണ പരാജയപ്പെട്ട നേതാവാണ് പെൻ. പൊടുന്നനെ തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്ചര്യമാണെങ്കിലും പ്രസിഡന്റ് മാക്രോണിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.