നവകേരള സദസിന്റെ വരവ് ചിലവ് കണക്കുകളിൽ ഉത്തരമില്ലാതെ സർക്കാർ; ക്രോഡീകരിക്കുന്നെന്ന് മുഖ്യമന്ത്രി

നവകേരള സദസിന്റെ വരവ് ചിലവ് കണക്കുകളിൽ ഉത്തരമില്ലാതെ സർക്കാർ; ക്രോഡീകരിക്കുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ ജനസമ്പര്‍ക്ക പരിപാടിയായ നവകേരള സദസുമായി ബന്ധപ്പെട്ട വരവ് ചിലവ് കണക്കുകളില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍. നവകേരള സദസില്‍ ലഭിച്ച 645099 പരാതികളില്‍ 533465 പരാതികള്‍ തീര്‍പ്പാക്കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

നിയമസഭയില്‍ എം വിന്‍സന്റ് എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി നവകേരള സദസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അപേക്ഷകളില്‍ ലഭിച്ച പരാതികളില്‍ പലതും പൊതുസ്വഭാവം ഉള്ളവയായതിനാല്‍ അത്തരം വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നവകേരള സദസിനായി ഒരോ മണ്ഡലത്തിലെയും പരസ്യം, ഫ്‌ളക്‌സ്, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, കസേര, ഭക്ഷണം, പൗരപ്രമുഖരുമായി നടത്തിയ പ്രഭാത ഭക്ഷണം, പ്രചരണം, മറ്റു ചിലവുകള്‍ എന്നിവയ്ക്കായി ചിലവഴിച്ച തുകകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനായില്ല. മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച സംഘാടക സമതികള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാണ് പരിപാടി സംഘടിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള സദസിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ തുക, സ്‌പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ച തുക, തദ്ദേശ സ്ഥാപനങ്ങള്‍. സദസിന്റെ ചുമതല വഹിച്ചവര്‍ എന്നിവര്‍ പിരിച്ചു നല്‍കിയ തുകയുടെ കണക്കുകള്‍ സംബന്ധിച്ചും സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കുകളില്ല. ഇവയും ക്രോഡീകരിച്ച് വരിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നവ കേരള സദസുമായി ബന്ധപ്പെട്ട് പൊളിച്ച മതിലുകളെ കുറിച്ചും സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കുകളില്ല. പൊളിച്ച മതിലുകള്‍ പുതുക്കി പണിതതിനും ഇതിനായി ചിലവായ തുക അത് കണ്ടെത്തിയ വഴി എന്നിവയുടെ വിശദാംശങ്ങളും സര്‍ക്കാരിന് നിശ്ചയമില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.