ജാഗ്രത പാലിക്കുക: മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സര്‍ക്കുലര്‍

 ജാഗ്രത പാലിക്കുക: മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സര്‍ക്കുലര്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റര്‍ഹെഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഒപ്പോടുകൂടി ഒരു സര്‍ക്കുലര്‍ (5/2024, 15 ജൂണ്‍ 2024) സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് വ്യാജം. ജൂലൈ മൂന്ന് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. ഇത്തരമൊരു സര്‍ക്കുലര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് നല്‍കിയിട്ടില്ല.

സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും എറണാകുളം-അങ്കമാലി അതിരൂപയ്ക്ക് വേണ്ടി സംയുക്തമായി ഒരു സര്‍ക്കുലര്‍

നല്‍കിയിരുന്നു. 2024 ജൂലൈ മൂന്ന് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അന്തിമ തീരുമാനം അറിയിച്ചുകൊണ്ടാണ് പ്രസ്തുത സര്‍ക്കുലര്‍ നല്‍കിയത്. ഇക്കാര്യത്തില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനായി നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉണ്ടാക്കിയതാണ് വ്യാജ സര്‍ക്കുലര്‍.

2024 ജൂണ്‍ ഒമ്പതിന് നല്‍കപ്പെട്ടത് ഔദ്യോഗിക സര്‍ക്കുലര്‍ (4/2024) ആണെന്നും പതിനഞ്ചാം തിയതിയെന്ന് മുന്‍കൂട്ടി തിയതിവച്ച് പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ സര്‍ക്കുലര്‍ (5/2024) ആണെന്നും അറിയിക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ വ്യാജ
സര്‍ക്കുലര്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സീറോ മലബാര്‍സഭാ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.