മരണക്കയമായി ഏദന്‍ ഉള്‍ക്കടല്‍; യെമന്‍ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി 49 പേര്‍ മരിച്ചു, 140 പേരെ കാണാതായി

മരണക്കയമായി ഏദന്‍ ഉള്‍ക്കടല്‍; യെമന്‍ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി 49 പേര്‍ മരിച്ചു, 140 പേരെ കാണാതായി

കെയ്റോ: ആഫ്രിക്കയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ബോട്ട് യെമന്‍ തീരത്ത് മുങ്ങി 49 പേര്‍ കൊല്ലപ്പെട്ടു. 140 പേരെ കാണാതായതായി യുഎന്‍ ഗ്രൂപ്പ് അറിയിച്ചു. അപകടത്തില്‍പ്പെട്ട എഴുപത്തിയൊന്ന് പേരെ പ്രാദേശിക ഭരണകൂടവും മത്സ്യബന്ധ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കിഴക്കന്‍ ആഫ്രിക്കയില്‍നിന്നുള്ള 260 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

യെമന്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാനായി പുറപ്പട്ടവരാണിവര്‍. ഭൂരിഭാഗവും എത്യോപ്യയില്‍നിന്നുള്ളവരാണ്. യെമനില്‍ ഏദന്‍ തുറമുഖത്തിനടുത്ത് ശക്തമായ കാറ്റില്‍പ്പെട്ടാണ് ബോട്ട് മുങ്ങിയത്. മീന്‍പിടിത്തക്കാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മരിച്ചവരില്‍ 31 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനുള്ള ഇടത്താവളമായാണ് യെമനെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍നിന്ന് 97,000 കുടിയേറ്റക്കാര്‍ യെമനിലെത്തിയിരുന്നു. യെമനിലെ ആഭ്യന്തര യുദ്ധവും ഹൂതി വിമതരുടെ ചെടങ്കല്‍ ആക്രമണങ്ങളും കുടിയേറ്റക്കാരുടെ എണ്ണം കുറച്ചിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ കുടിയേറ്റക്കാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ലെ 27,000 എന്ന കണക്കില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 97,000 ആയെന്ന് ഐഒഎം പറഞ്ഞു. ഏകദേശം 380,000 കുടിയേറ്റക്കാര്‍ നിലവില്‍ യെമനിലുണ്ട്.

യെമനിലെത്താന്‍, ഏദന്‍ ഉള്‍ക്കടലിനു കുറുകെ പലപ്പോഴും അപകടകരവും തിങ്ങിനിറഞ്ഞതുമായ ബോട്ടുകളില്‍ കള്ളക്കടത്തുകാരാണ് കുടിയേറ്റക്കാരെ കൊണ്ടുപോകുന്നത്.

നേരത്തെ ജിബൂട്ടി തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 62 പേര്‍ മരിച്ചിരുന്നു. ഈ റൂട്ടിലൂടെയുള്ള യാത്രക്കിടെ 1860 പേര്‍ മരിക്കുകയും 480 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.