കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പത്ത് മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളുൾപ്പെടെ 49 പേർ മരിച്ചതായാണ് വിവരം. 41 മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 26 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ച 49 പേരിൽ പേരുകൾ പരിശോധിച്ചതിൽ നിന്ന് 20ൽ അധികം മലയാളികളുണ്ടായേക്കാം എന്നാണ് സംശയിക്കുന്നത്. പരിക്കേറ്റവരിൽ മുപ്പതോളം പേർ മലയാളികളാണ്.
കെട്ടിടത്തിൽ 72 റൂമുകളാണ് ഉണ്ടായിരുന്നത്. ആകെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരിൽ 146 പേർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക.
കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പിവി മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാർക്കുള്ള സഹായം ഉറപ്പുവരുത്തുന്നതിനും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നത് ഉറപ്പ് വരുത്തുന്നതിനുമായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈറ്റിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിർദേശപ്രകാരമാണ് യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.