കുവൈറ്റ് തീപിടിത്തം: മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്ര സർക്കാർ

കുവൈറ്റ് തീപിടിത്തം: മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്ര സർക്കാർ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞു. ഇതോടെ 49 പേർ മരിച്ച അപകടത്തില്‍ തിരിച്ചറിഞ്ഞ മലയാളികളുടെ എണ്ണം 14 ആയി. തൊഴിലാളികൾ താമസിച്ചിരുന്ന ആറ് നിലക്കെട്ടിടത്തിന് ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. പരിക്കേറ്റ 50 ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.

കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്‌ (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു48), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് - ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്ര സർക്കാർ. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. ചികിൽസയിയിലുള്ളവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തീ പടർന്ന് പിടിച്ചത്. തൊഴിലാളികൾ ഉറങ്ങിക്കിടന്ന സമയമായാതിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പ് സ്ഥാപനത്തിലെ തൊഴിലാളികളെ പാർപ്പിക്കാൻ വാടകക്കെടുത്തതായിരുന്നു കെട്ടിടം. അനുമതിയുള്ളതിലും കൂടുതൽ തൊഴിലാളികളെ ഇവിടെ പാർപ്പിച്ചതായാണ് വിവരം.

കുവൈറ്റ് ഭരണകൂടം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ കെട്ടിടത്തിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. കെട്ടിട ഉടമയുടെ അത്യാഗ്രഹം അപകടത്തിലേക്ക് നയിച്ചുവെന്ന് കുവൈറ്റ് ഉപപ്രധാന മന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.