തന്റെ യുഡിഎഫ് പ്രവേശനത്തിന് തടയിട്ടത് ഉമ്മന്‍ ചാണ്ടിയെന്ന് പി.സി ജോര്‍ജ്

തന്റെ യുഡിഎഫ് പ്രവേശനത്തിന് തടയിട്ടത്  ഉമ്മന്‍ ചാണ്ടിയെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയാണ് തന്റെ യു.ഡി.എഫ് പ്രവേശനത്തിന് തടയിട്ടതെന്നാണ് പി.സി. ജോര്‍ജ് എംഎല്‍എ പറയുന്നത്.

തന്നെ യു.ഡി.എഫ് യോഗത്തില്‍ ഘടകക്ഷിയാക്കുന്നതിനെ അനുകൂലിച്ചാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും നിലപാടെടുത്തത്. എന്നാല്‍ എ ഗ്രൂപ്പ് അതിനെ എതിര്‍ക്കുകയായിരുന്നു. എ ഗ്രൂപ്പിന്റെ എതിര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് മനസിലാക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന്റെ കാരണമെന്താണെന്ന് അറിയാം. അക്കാര്യം അധികം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരെയും അറിയിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ അതിന് സമയമായിട്ടില്ലെന്നും പി.സി വ്യക്തമാക്കി. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കും. മൂന്നു മുന്നണികളോടുമുള്ള അസംതൃപ്തി പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്താകും മുന്നണി ഉണ്ടാക്കുക.

വിശ്വ കര്‍മജര്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ മുന്നണിയിലുണ്ടാകും. കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകും. ജനപക്ഷം അതില്‍ അഞ്ചോ ആറോ സീറ്റുകള്‍ മാത്രമാകും മത്സരിക്കുക. പൂഞ്ഞാറില്‍ മത്സരിക്കുമെന്നും ഒറ്റയ്ക്ക് ജയിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.