താങ്ങും തണലും കടലോളം വാത്സല്യവും; അച്ഛന് വേണ്ടിയൊരു ദിനം; ഈ ദിവസത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം

താങ്ങും തണലും കടലോളം വാത്സല്യവും; അച്ഛന് വേണ്ടിയൊരു ദിനം; ഈ ദിവസത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം


ഇന്ന് 'ഫാദേഴ്സ് ഡേ'. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്സ് ഡേ' ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്. ഒരു കുട്ടിയുടെ ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യം അച്ഛനും അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും മനപൂര്‍വ്വമല്ലെങ്കിലും അത് വിസ്മരിക്കപ്പെടാറുണ്ട്. അമ്മയുടെ സ്‌നേഹത്തിനും കരുതലിനും മുന്നില്‍ അച്ഛന്റെ സ്‌നേഹത്തിന്റെ തട്ട് താണുപോകാറുണ്ട്. അതിനാലാണ് മാതൃദിനം പോലെ തന്നെ പിതൃദിനവും ആഘോഷിക്കപ്പെടുന്നത്.

ഫാദേഴ്‌സ് ഡേയുടെ ചരിത്രം

20-ാം നുറ്റാണ്ടിലാണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ഉരുത്തിരിഞ്ഞത്. വാഷിങ്ടണിലെ സ്‌പോകെയിനില്‍ 1910 ജൂണ്‍ 19 നാണ് ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിക്കപ്പെട്ടത്. സൊനോറ സ്മാർട്ട് ഡോഡ് ആണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം.

അമ്മയുടെ മരണത്തോടെ അച്ഛൻ വില്യം ജാക്സൺ സ്മാർട്ട് ഒറ്റയ്ക്കാണ് സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളർത്തിയത്. ആറാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെയായിരുന്നു വില്യത്തിന്‍റെ ഭാര്യയുടെ മരണം. 16 കാരിയായ സൊനോറ മുതൽ നവജാത ശിശുവുൾപ്പടെ ആറ് മക്കൾ. ഒരുപാട് കഷ്ടപ്പെട്ട് വില്യം തന്റെ ആറു മക്കളേയും വളര്‍ത്തി. 1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്ക് തോന്നിയത്.

പാസ്റ്ററോട് തന്റെ ആഗ്രഹം പറയുകയും ചെയ്തു. അങ്ങനെ ജൂൺ 19 ഞായറാഴ്ചയാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷം നടന്നത്. ആദ്യമൊന്നും ഈ ദിനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വില്‍സണ്‍ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വില്‍സണ്‍ ഈ വിശേഷ ദിവസത്തിന് ഔദ്യോഗികമായി അനുമതി നൽകിയത്.

പിന്നീട് 1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്സ് ഡേയായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുകയാണ്. അച്ഛന് സർപ്രൈസും സമ്മാനങ്ങളുമൊക്കെ നൽകിയാണ് മക്കൾ ഈ ദിവസം ആഘോഷിക്കുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.